ദിണ്ടുക്കല്‍ ജില്ലയിലെ പട്ടിവീരന്‍ പെട്ടിയില്‍ വച്ചാണ് പൊലീസ് പിടിയിലായത്. തമിഴ്നാട് പൊലീസ് ഉപയോഗിക്കുന്ന വെള്ള ബൊലോറ ജീപ്പിലായിരുന്ന കറക്കം.  കഴിഞ്ഞ ദിവസം കുമളി ചെക് പോസ്റ്റു വഴി പൊലീസുകാരുടെ സല്യൂട്ടും സ്വീകരിച്ച് കേരളത്തിലെത്തി. 

ചെന്നൈ: തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഡിവൈഎസ്പി ചമഞ്ഞ് സ്വന്തം വാഹനത്തില്‍ പൊലീസ് സ്റ്റിക്കറും പതിച്ച് ബീക്കണ്‍ ലൈറ്റും ഘടിപ്പിച്ച് കറങ്ങി നടന്നയാളിനെ പൊാലീസ് പിടികൂടി. തമിഴ്‌നാട് പൊലീസിനെ പോലും പറ്റിച്ചു നടന്ന ഇയാളെ കേരള പൊലീസ് നല്‍കിയ വിവരത്തെ തുടര്‍ന്ന് പിടികൂടിയത്. ചെന്നൈ സ്വദേശി സി വിജയനാണ് സ്വന്തം വാഹനത്തില്‍ പൊലീസ് എന്നെഴുതി വച്ച് കേരളത്തിലും തമിഴ്‌നാട്ടിലുമായി ദിവസങ്ങളോളം കറങ്ങി നടന്നത്. 

ദിണ്ടുക്കല്‍ ജില്ലയിലെ പട്ടിവീരന്‍ പെട്ടിയില്‍ വച്ചാണ് പൊലീസ് പിടിയിലായത്. തമിഴ്നാട് പൊലീസ് ഉപയോഗിക്കുന്ന വെള്ള ബൊലോറ ജീപ്പിലായിരുന്ന കറക്കം. കഴിഞ്ഞ ദിവസം കുമളി ചെക് പോസ്റ്റു വഴി പൊലീസുകാരുടെ സല്യൂട്ടും സ്വീകരിച്ച് കേരളത്തിലെത്തി. ഇവിടുത്തെ കറക്കത്തിനിടെ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോനെ സന്ദര്‍ശിച്ചു. തമിഴ്‌നാട് ക്യൂ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ആണെന്നാണ് പറഞ്ഞത്. മടങ്ങുന്നതിനു മുമ്പ് ഡിവൈഎസ്പിക്ക് ഒപ്പം ഫോട്ടോയെടുത്തു. പൊലീസ് സ്റ്റേഷന്റെ ചിത്രവുമെടുത്തു. ഇതോടെ ഡിവൈഎസ്പിക്ക് സംശയം തോന്നി.

തുടര്‍ന്ന് തമിഴ്‌നാട് പൊലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകാരനാണെന്ന് വ്യക്തമായത്. ഇതിനിടെ വിജയന്‍ കേരളത്തില്‍ തമിഴ്നാട്ടിലേക്ക് കടന്നു. കേരള പൊലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദിണ്ടിക്കല്‍ ജില്ലയിലെ ലക്ഷ്മിപുരം ടോള്‍ഗേറ്റില്‍ വാഹന പരിശോധ നടത്തിക്കൊണ്ടിരുന്ന തമിഴ്നാട് പൊലീസ് ഇയാളെ പിടികൂടി. 2 മൊബൈല്‍ ഫോണുകളും പൊലീസിന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും, പിസ്റ്റള്‍ രൂപത്തിലുള്ള എയര്‍ഗണ്ണും, ഒരു ജോഡി പൊലീസ് യൂണിഫോമും ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്നും കസ്റ്റഡിയിലെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona