പത്തനംതിട്ട: മരംവെട്ട് തൊഴിലാളി മരത്തിൽ നിന്ന് വീണ്  മരിച്ചത് സ്ഥലമുടമയും  പണിക്ക് വിളിച്ച ആളും  മറച്ചുവെച്ചു . പത്തനംതിട്ട  പുന്നലത്തുപടിയിൽ മൂന്ന് ദിവസം മുൻപാണ് സംഭവം.  പുന്നലത്തുപടി പാലശ്ശേരിയിൽ സത്യന്‍റെ മൃതദേഹമാണ് കരിമ്പനാക്കുഴി പൗവ്വത്ത് വീട്ടിൽ ബിജി കുഞ്ചാക്കോയുടെ പറമ്പിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.  സത്യൻ മരത്തിൽ നിന്ന്  വീണിട്ടും ഇക്കാര്യം  നാട്ടുകാരെ അറിയിക്കാൻ പണിക്ക് വിളിച്ച കരിമ്പനാക്കുഴി സ്വദേശി പുരുഷോത്തമൻ തയ്യാറായില്ല. 

ബിജി കുഞ്ചാക്കോയുടെ പറമ്പിലെ മരത്തിന്‍റെ ശിഖരങ്ങൾ അയൽവാസിയായ രത്നമ്മയുടെ പുരയിടത്തിലേക്ക് വീണ് കിടന്നത് വെട്ടാനായാണ് സത്യൻ എത്തിയത്. പുരുഷോത്തമനാണ് സത്യനെ കൊണ്ട് വന്നത്.   അസ്വഭാവിക മരണത്തിന് കേസ്സെടുത്ത പത്തനംതിട്ട പൊലീസ്  ഇക്കാര്യം മറച്ചുവെച്ച രണ്ട് വീട്ടുകാർക്കും പുരുഷോത്തമനുമെതിരെ  കേസ്സെടുക്കണോ എന്നത് സംബന്ധിച്ച് നിയമോപദേശം തേടി. 

ബിജി കുഞ്ചാക്കോയുടെ  വീട്ടിലുണ്ടായിരുന്ന വൃദ്ധ ദമ്പതികളോട്  മരം വെട്ടുന്നയാൾ വീണെന്നും പിന്നീട് എഴുന്നേറ്റ് പോകുമെന്നും പറഞ്ഞ്   പുരുഷോത്തമൻ പോകുകയായിരുന്നു. എന്നാൽ  പിന്നീട് സത്യൻ മരിച്ച വിവരം അറിഞ്ഞ  രണ്ട്  കുടുംബങ്ങളും  ഇക്കാര്യം മറച്ചുവെച്ചു. തുടർന്ന്  പൊലീസ്  പുരുഷോത്തമനെ   വിളിച്ചു വരുത്തി ചോദ്യം ചെയ്തു. സത്യന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുകൊടുത്തു. ഫോറൻസിക് റിപ്പോർട്ടും നിയമോപദേശവും ലഭിച്ച  ശേഷം കേസിൽ തുടർ നടപടിയുണ്ടാകുമെന്ന് പത്തനംതിട്ട പൊലീസ് അറിയിച്ചു.