അഹമ്മദാബാദ്: ഭർത്താവ് നിർബന്ധിച്ച് ഫിനോയില്‍ കുടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായി ഭാര്യയുടെ പരാതി. ഹൻസ അഹിർ എന്ന 35കാരിയെ ഭർത്താവ് സുരേഷാണ് കൊല്ലാൻ ശ്രമിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അഹമ്മദാബാദില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. 

സംഭവ ദിവസം പുറത്തുപോയി വന്ന സുരേഷ് ഭാര്യയോട് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. അത്താഴത്തിനുളള പച്ചക്കറി അരിയുകയാണെന്ന് ഹൻസ മറുപടിയും നല്‍കി. തുടർന്ന് അടുക്കളയിലേക്ക് വരാൻ പറഞ്ഞ തന്നെ നിര്‍ബന്ധിച്ച് ഫിനോയില്‍ കുടിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.

അവശനിലയിൽ ആയതിനെ തുടർന്ന് ഭാര്യയെ അവിടെ ഉപേക്ഷിച്ച് സുരേഷ് വീട് വിട്ടുപോയതായി പൊലീസ് പറയുന്നു. ശേഷം വീട്ടിലെത്തിയ മകൻ അവശനിലയിലായ അമ്മയെ കാണുകയും അങ്കിളിനെ വിളിച്ചുവരുത്തി ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ഉപേക്ഷിക്കുമെന്ന് പറഞ്ഞ് തന്നെ നിരന്തരം സുരേഷ് ഭീഷണിപ്പെടുത്തിയിരുന്നതായും അദ്ദേഹത്തിന്റെ വീട്ടുകാര്‍ ഉപദ്രവിച്ചിരുന്നതായും ഹൻസയുടെ പരാതിയിൽ പറയുന്നു.