സൂറത്ത്: പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പിതാവിന് കോടതി വധശിക്ഷ വിധിച്ചു.  സൂറത്തിലെ സ്പെഷ്യല്‍ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇയാള്‍ക്ക് വധശിക്ഷയില്‍ കുറഞ്ഞൊന്നും നല്‍കാനാകില്ലെന്നും ശിക്ഷ സമൂഹത്തിനുള്ള സന്ദേശമാണെന്നും വിധിപ്രസ്താവത്തില്‍ ജഡ്ജി പിഎസ് കല വ്യക്തമാക്കി. കുറ്റവാളിയെ സൂററ്റ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ആദ്യ ഭാര്യയിലുണ്ടായ മകളെയാണ് ഒഡിഷ സ്വദേശിയായ 40കാരന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. സൂറത്തിലെത്തിയ ഇയാള്‍ മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു.

2017ലാണ് കേസിനാസ്പദമായ സംഭവം. ആറ് മാസം മകളെ പീഡിപ്പിക്കുകയും ഗര്‍ഭിണിയായപ്പോള്‍ കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം ഉപേക്ഷിച്ചതിന് ശേഷം മകളെ കാണാനില്ലെന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍, അയല്‍വാസികളോട് കള്ളം പറഞ്ഞതോടെ ഇയാള്‍ കുടുങ്ങി. മൃതദേഹം കണ്ടെത്തിയ പൊലീസ് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തു. പിന്നീട് ഗര്‍ഭസ്ഥ ശിശുവിന്‍റെ ഡിഎന്‍എ പരിശോധന നടത്തിയാണ് ഇയാളാണ് മകളെ ഗര്‍ഭിണിയായിക്കയതെന്ന് മനസ്സിലായത്. ജൂലായില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.