വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇയാള്‍ പെണ്‍കുട്ടിയോട് താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പടണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചു.

രാജ്‌കോട്ട്: വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. ഗുജറാത്തിലെ രാജ്‌കോട്ട് കോടതിയാണ് 26 കാരന് വധശിക്ഷ വിധിച്ചത്. 2021 മാര്‍ച്ചിലാണ് ക്രൂരമായ കൊലപാതകം നടന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ ജെതൽസർ ഗ്രാമത്തിലെ താമസക്കാരനായ ജയേഷ് സർവയ്യ ആണ് ക്രൂരമായി കൊലപ്പെടുത്തിയത്. 34 തവണയാണ് പ്രതി പെണ്‍കുട്ടിയെ കുത്തിയത്.

അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ആർആർ ചൗധരിയുടെ കോടതിയാണ് ജയേഷ് സർവയ്യ്ക്ക് വധശിക്ഷ വിധിച്ചത്. 2021 മാർച്ച് 16 ന് ആണ് സംഭവം. അയല്‍വാസിയായ പ്രതി പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. സംഭവ ദിവസം വീട്ടില്‍ ആരുമില്ലാത്ത തക്കം നോക്കി ജയേഷ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇയാള്‍ പെണ്‍കുട്ടിയോട് താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പടണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചു. ഇതോടെ പ്രതി പെണ്‍കുട്ടിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു.

എന്നാല്‍ പെണ്‍കുട്ടി പ്രതിയെ തള്ളമാറ്റി ഉറക്കെ നിലവിളിച്ചു. ഇതോടെ യുവാവ് കൈയ്യിലുണ്ടായിരുന്ന കത്തികൊണ്ട് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 34 തവണയാണ് പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തിയത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് സംഭവം ആദ്യം കണ്ടത്. പിന്നാലെ പ്രതിയെ പൊലീസ് പിടികൂടി. നാടിനെ നടുക്കിയ കൊലപാതകത്തില്‍‌ പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധം നടന്നിരുന്നു. പ്രദേശത്ത് ഹര്‍ത്താലും നടന്നിരുന്നു.

ഇതിന് പിന്നാലെ പൊലീസ് നടപടികള്‍ വേഗത്തിലാക്കി. പോക്സോ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. വിചാരണയ്ക്കൊടുവിലാണ് കഴിഞ്ഞ ദിവസം കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. നിർഭയ കേസിൽ സുപ്രീം കോടതി നൽകിയ നിർവചനം അനുസരിച്ച് അപൂർവമായ അപൂർവ കേസാണിതെന്ന് കോടതി വിലയിരുത്തിയതായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജനക് പട്ടേൽ പറഞ്ഞു. സമൂഹത്തെയാകെ നടുക്കിയ കൊലപാതകമായിരുന്നു ഇത്. കോടതി വളരെ ഗൗരവമായി സംഭവത്തെ കാണുന്നു. പ്രതിക്ക് അപ്പീൽ നൽകാൻ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More : ഇന്ത്യ ചൈന ബന്ധം നിലവിൽ സങ്കീർണമായ അവസ്ഥയിലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വാർഷിക റിപ്പോർട്ട്