ജാമ്യ വ്യവസ്ഥ പാലിക്കുന്നതിന്‍റെ ഭാഗമായി ശിവഗംഗയിലെ കാരൈക്കുടി സൌത്ത് പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടുന്നതിന് വേണ്ടിയാണ് കഴിഞ്ഞ ദിവസം രാത്രി ഇയാൾ സുഹൃത്തുക്കള്‍ക്കൊപ്പം കാരൈക്കുടിയിലെത്തിയത്.
കാരൈക്കുടി: കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ കാരൈക്കുടിയിലാണ് സംഭവം. മധുര സ്വദേശിയായ 29കാരന്‍ വിനീതിനെ ആണ് പട്ടാപ്പകൽ ആറംഗ സംഘം വടിവാളുമായി വെട്ടിയത്. കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ വിനീതിന് അടുത്തിടെ ജാമ്യം കിട്ടിയിരുന്നു.
ജാമ്യ വ്യവസ്ഥ പാലിക്കുന്നതിന്‍റെ ഭാഗമായി ശിവഗംഗയിലെ കാരൈക്കുടി സൌത്ത് പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടുന്നതിന് വേണ്ടിയാണ് കഴിഞ്ഞ ദിവസം രാത്രി ഇയാൾ സുഹൃത്തുക്കള്‍ക്കൊപ്പം കാരൈക്കുടിയിലെത്തിയത്. രാവിലെ സ്റ്റേഷനിലേക്ക് പോകാനായി ലോഡ്‍ജിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ആറംഗ സംഘം ഇയാളെ വളയുകയായിരുന്നു. അപകടം മണത്ത വിനീത് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അക്രമികളും പിന്നാലെ കൂടി.
അക്രമി സംഘത്തില്‍ എല്ലാവരുടെയും കൈയിൽ വടിവാൾ അടക്കം ആയുധങ്ങള്‍ ഉണ്ടായിരുന്നു. വിനീതിനെ തലങ്ങും വിലങ്ങും വെട്ടി സംഘം ഉടൻ തന്നെ വാഹനത്തിൽ കയറി രക്ഷപ്പെട്ടു. പൊലീസ് സ്റ്റേഷനില്‍ പോയതിന് ശേഷമാണോ ആക്രമണമുണ്ടായതെന്ന കാര്യത്തില്‍ വ്യക്തതയില്ല. വിവരമറിഞ്ഞെത്തിയ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും വിനീതിന്‍റെ ജീവൻ രക്ഷിക്കാനായില്ല.
അന്വേഷണം പുരോഗമിക്കുന്നതായും കുറ്റക്കാര്‍ ഉടൻ വലയിലാകുമെന്നും പൊലീസ് പറഞ്ഞു. ഇയാൾ മുന്‍പ് ഉൾപ്പെട്ടിട്ടുള്ള കേസുകളുടെ പശ്ചാത്തലം വിശദമായി പരിശോധിക്കുന്നുണ്ട്. നിലവിലെ ആക്രമണം കേസുമായി ബന്ധമുള്ളതല്ലെന്നാണ് ഡിഎസ്പി മാധ്യമ പ്രവര്‍ത്തകരോട് വിശദമാക്കിയത്.
കോട്ടയം പൂവൻതുരുത്തിൽ വ്യവസായ മേഖലയിൽ സ്വകാര്യ ഫാക്ടറി സെക്യൂരിറ്റി ജീവനക്കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. പൂവൻതുരുത്ത് ഹെവിയ റബർ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ഊക്കാട്ടൂർ സ്വദേശി ജോസി(55)നെയാണ് തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയെന്ന് സംശയിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഹെവിയ റബർ കമ്പനി ഫാക്ടറിക്ക് ഉള്ളിൽ കയറണമെന്ന ആവശ്യവുമായാണ് പ്രതി ഇവിടേക്ക് എത്തിയത്. എന്നാൽ സെക്യൂരിറ്റി ജീവനക്കാരനായ ജോസ് ഇത് തടഞ്ഞു. ആവശ്യം നിരസിച്ചതിനെ തുടർന്ന് പ്രകോപിതനായ ഇയാൾ ജോസിനെ കമ്പിവടി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

