ഭദോഹി(ഉത്തര്‍പ്രദേശ്): ചെറിയ മരുമകളുമായി അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് 55കാരനെ ഭാര്യയും വലിയ മരുമകളും ചേര്‍ന്ന് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയിലാണ് സംഭവം. ശനിയാഴ്ച രാത്രിയാണ് സംഭവം. 55 കാരനെ ആക്രമിച്ച ഇരുവരും കത്തിയുപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്ന് ഭദോഹി എസ്പി റാം ബാദന്‍ സിംഗ് പറഞ്ഞു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

55കാനും ഭാര്യക്കും നാല് ആണ്‍മക്കളാണ് ഉള്ളത്. നാല് പേരും മുംബൈയില്‍ ജോലി ചെയ്യുന്നു. രണ്ട് പേര്‍ വിവാഹിതരാണ്. മാതാപിതാക്കളോടൊപ്പം ഇവരും ഭാദോഹിയിലാണ് താമസം. ഇതില്‍ ചെറിയ മരുമകളുമായി ഇയാള്‍ക്ക് അവിഹിത ബന്ധമുണ്ടെന്നാരോപണം. ബന്ധത്തെ ഭാര്യയും മൂത്ത മരുമകളും എതിര്‍ത്തിരുന്നു. ചെറിയ മരുമകളെ ഇവര്‍ അവരുടെ വീട്ടില്‍ കൊണ്ടുപോയി വിട്ടിരുന്നു. തുടര്‍ന്ന് 55കാരന്‍ മൂത്തമകളെ ആക്രമിച്ച് കണ്ണിന് പരിക്കേല്‍പ്പിച്ചു. ഇവരോട് പിണങ്ങി മറ്റൊരു വീട്ടിലേക്ക് താമസം മാറുകയും ചെയ്തു.

നാല് ദിവസം മുമ്പ് ചെറിയ മരുമകളെ കൊണ്ടുവന്ന് തന്നോടൊപ്പം പാര്‍പ്പിച്ചു. ഇതില്‍ പ്രകോപിതരായ ഭാര്യയും മൂത്ത മരുമകളും ഇയാള്‍ താമസിക്കുന്ന വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ചെറിയ മരുമകളാണ് പൊലീസിനെ വിവരമറിയിച്ചത്. മരുമകളുമായുള്ള അവിഹിത ബന്ധമാണ് ഇയാളുടെ കൊലപാതകത്തിന് കാരണമെന്ന് പൊലീസും സ്ഥിരീകരിച്ചു.