താൻ സുഹൃത്തിനോട് പലതവണ സിഗരറ്റ് ആവശ്യപ്പെട്ടിരുന്നതായും സിഗരറ്റ് നിരസിച്ചപ്പോൾ കോട്ടമതിലിൽ നിന്ന് തള്ളിയിട്ടുവെന്ന് പ്രതി...

ആഗ്ര (ഉത്തർപ്രദേശ്) : സിഗരറ്റ് പങ്കിടാത്തതിന് 27കാരനെ സുഹൃത്ത് കൊലപ്പെടുത്തി. സുഹൃത്തുക്കളായ ഇരുവരും കോട്ടമതിലിൽ ഇരുന്ന് പുകവലിക്കുന്നതിനിടെ സിഗരറ്റ് നൽകാത്തതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായതായി പൊലീസ് പറഞ്ഞു. ഇതേ തുടർന്ന് രോഷാകുലനായ പ്രതി സുഹൃത്തിനെ 30 അടി താഴ്ചയിലേക്ക് തള്ളിയിട്ട് കൊല്ലുകയായിരുന്നു. ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിലാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഇപ്പോൾ ജയിലിലാണ്. 

കപ്തൻ സിംഗ് എന്നയാളാണ് മരിച്ചത്. മരണത്തിന് നിമിഷങ്ങൾക്ക് മുമ്പ്, ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സിംഗ് തന്റെ കുടുംബത്തെ വിളിച്ചിരുന്നുവെന്ന് സഹോദരൻ ലഖൻ സിംഗ് പറഞ്ഞു. "ആഗ്രയിലെ വീടിന് സമീപത്തുള്ള സുഹൃത്ത് സുഹൈൽ ഖാനെ കാണാൻ എന്റെ സഹോദരൻ കപ്തൻ സിംഗ് വീട്ടിൽ നിന്ന് പോയി. പിന്നീട്, റോഡിൽ പരിക്കേറ്റ നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് അദ്ദേഹം തന്നെ സുഹൃത്ത് തള്ളിയിട്ട വിവരം ഞങ്ങളെ അറിയിച്ചു.'' എന്ന് സഹോദരൻ ലഖൻ സിംഗ് പറഞ്ഞു. 

ലഖൻ സിംഗിന്റെ പരാതിയിെ തുടർന്ന് പ്രതിക്കെതിരെ ഐപിസി സെക്ഷൻ 304 പ്രകാരം കേസെടുത്തതായി ആഗ്രയിലെ രകബ്ഗഞ്ച് എസ്എച്ച്ഒ രാകേഷ് കുമാർ പറഞ്ഞു. ചോദ്യം ചെയ്യലിനിടെ, താൻ മദ്യപിച്ചിരുന്നുവെന്നും താൻ സുഹൃത്തിനോട് സിഗരറ്റ് പലതവണ ആവശ്യപ്പെട്ടിരുന്നതായും പ്രതി പൊലീസിനോട് പറഞ്ഞു. എന്നാൽ സിഗരറ്റ് നിരസിച്ചപ്പോൾ കോട്ടമതിലിൽ നിന്ന് തള്ളിയിട്ടുവെന്ന് പ്രതി സമ്മതിച്ചതായും രാകേഷ് കുമാർ കൂട്ടിച്ചേർത്തു.