കളായിയിലെ പ്രഭാകര നോണ്ടയാണ് കൊല്ലപ്പെട്ടത്. സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പ്രതി ഒളിവിലാണ്.
കാസര്‍കോട്: കാസര്‍കോട് മഞ്ചേശ്വരത്ത് ചേട്ടന്‍ അനുജനെ കുത്തിക്കൊന്നു. കളായിയിലെ പ്രഭാകര നോണ്ടയാണ് കൊല്ലപ്പെട്ടത്. സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പ്രതി ഒളിവിലാണ്.
ശനിയാഴ്ച പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. 40 വയസുകാരനായ മഞ്ചേശ്വരം കളായിയിലെ പ്രഭാകര നോണ്ടയാണ് മരിച്ചത്. സഹോദരന്‍ ജയറാം നോണ്ട കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. താമസിക്കുന്ന വീട്ടില്‍ വച്ചാണ് പ്രഭാകര നോണ്ട കൊല്ലപ്പെട്ടത്. കഴുത്തിലും നെഞ്ചിലുമടക്കം നിരവധി കുത്തുകള്‍ ഏറ്റിട്ടുണ്ട്.
കുടുംബ കലഹത്തെ തുടര്‍ന്നാണ് ക്രൂരകൃത്യമെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട പ്രഭാകര നോണ്ടയും അമ്മയും ജയറാം നോണ്ടയും മാത്രമാണ് വീട്ടില്‍ താമസം. കൊലക്കേസില്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട പ്രഭാകര നോണ്ട. ജയറാം നോണ്ടയും നിരവധി കേസുകളില്‍ പ്രതിയാണ്.
കാസര്‍കോട് ഡിവൈഎസ്പി സുധാകരന്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി മനോജ് അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതി ജയറാം നോണ്ട ഒളിവിലാണ്. ഇയാള്‍ കര്‍ണാടകത്തിലേക്ക് കടന്നതായാണ് പൊലീസ് നിഗമനം. മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

