വീടിന്‌ മുന്നില്‍ മൂത്രമൊഴിച്ചെന്നാരോപിച്ച്‌ വൃദ്ധനെ മര്‍ദ്ദിച്ച വീട്ടുടമസ്ഥന്‍ കൊല്ലപ്പെട്ടു.

ദില്ലി: വീടിന്‌ മുന്നില്‍ മൂത്രമൊഴിച്ചെന്നാരോപിച്ച്‌ വൃദ്ധനെ മര്‍ദ്ദിച്ച വീട്ടുടമസ്ഥന്‍ കൊല്ലപ്പെട്ടു. തെക്കന്‍ ദില്ലിയിലെ ഗോവിന്ദ്‌പുരിയില്‍ ഞായറാഴ്‌ച്ച രാത്രിയാണ്‌ സംഭവം.

നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ലിലു എന്നയാളാണ്‌ കൊല്ലപ്പെട്ടത്‌. തന്റെ വീടിന്‌ മുന്‍വശത്തെ റോഡില്‍ മൂത്രമൊഴിച്ചെന്നാരോപിച്ച്‌ 65 വയസ്സുകാരനായ ഒരാളെ ലിലു മര്‍ദ്ദിക്കുകയായിരുന്നു. ബഹളം കേട്ട്‌ സ്ഥലത്തെത്തിയ വൃദ്ധന്റെ ആണ്‍മക്കള്‍ ലിലുവുമായി ഏറ്റുമുട്ടി. വഴക്ക്‌ മൂര്‍ച്ഛിച്ചതോടെ ഇവരിലൊരാള്‍ റോഡില്‍ കിടന്ന സിമന്റ്‌ സ്ലാബ്‌ എടുത്ത്‌ ലിലുവിന്റെ തലയ്‌ക്കടിയ്‌ക്കുകയായിരുന്നു. അടിയേറ്റ്‌ അബോധാവസ്ഥയിലായ ലിലുവിനെ ആശുപത്രിയില്‍ വച്ച്‌ മരിച്ചു.

കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ അറസ്റ്റ്‌ ചെയ്യുമെന്നും പൊലീസ്‌ അറിയിച്ചു.