നാ​ഗ്പൂർ: നാല് വയസ്സുകാരിയെ ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് യുവാവിനെ മര്‍ദ്ദിച്ച് ​ന​ഗ്നനാക്കി തെരുവിലൂടെ നടത്തി. മഹാരാഷ്ട്രയിലെ നാ​​ഗ്പൂരിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. മുപ്പത്തഞ്ച് വയസ്സുള്ള ജവഹർ വൈദ്യ എന്ന യുവാവിനെയാണ് പ്രദേശവാസികൾ മർദ്ദിച്ച് കൈകൾ കൂട്ടിക്കെട്ടി തെരുവിലൂടെ നടത്തിച്ചത്. പെൺകുട്ടിയുടെ വീട്ടിനുളളിൽ വെച്ചായിരുന്നു പീഡനശ്രമം. പിന്നീട് ഇയാളെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു. 

ന​ഗരത്തിലെ സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായി ജോലി ചെയ്യുകയാണ് ജവഹർ വൈദ്യ. ''പണപ്പിരിവിനായി എല്ലാ ദിവസവും ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ എത്താറുണ്ടായിരുന്നു. ഞായറാഴ്ച വൈകുന്നേരം പെൺകുട്ടി തനിച്ചുള്ള സമയത്താണ് ലൈം​ഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചത്. ഭാ​ഗ്യവശാൽ ആ സമയത്ത് കുട്ടിയുടെ അമ്മ വീട്ടിൽ തിരിച്ചെത്തി. അവരാണ് അയൽക്കാരെ വിളിച്ചു കൂട്ടിയത്.'' പൊലീസ് ഉദ്യോ​ഗസ്ഥൻ സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നു. പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.