ഹാവേരി: അമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ഹാവേരി ജില്ലയിലാണ് സംഭവം. പരപുരുഷന്മാരുമായി അമ്മയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് മകന്‍ അമ്മയെ കൊലപ്പെടുത്തിയതെന്ന് ഷിഗോണ്‍ പൊലീസ് പറഞ്ഞു. ഒരു പുരുഷനുമായി അവര്‍ക്ക് ബന്ധമുണ്ടായിരുന്നതായും എന്നാല്‍ അത് അംഗീകരിക്കാത്ത മകന്‍ അമ്മയ്ക്ക് ഒരുപാട് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് കുറ്റപ്പെടുത്തിയതായും കുടുംബാംഗങ്ങള്‍ പറഞ്ഞു.

വിഷയത്തില്‍ അമ്മയുമായി തര്‍ക്കിച്ച മകന്‍ തുടര്‍ന്ന് ബലാത്സംഗ ശേഷം കൊല നടത്തുകയായിരുന്നു. നാല്‍പ്പതുകാരിയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്. 15 വര്‍ഷം മുമ്പാണ് സ്ത്രീയുടെ ഭര്‍ത്താവ് മരണപ്പെടുന്നത്. മകനൊപ്പം വാനഹള്ളിയില്‍ താമസിച്ചിരുന്ന സ്ത്രീ അതേ പ്രദേശത്തുള്ള ഒരാളുമായി അടുപ്പത്തിലാവുകയായിരുന്നുവെന്ന് ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്തു.

പ്രദേശവാസികളാണ് സ്ത്രീക്ക് പരപുരുഷന്മാരുമായി ബന്ധങ്ങളുണ്ടെന്ന് മകനോട് പറഞ്ഞത്. മുമ്പും സമാനമായ കാരണങ്ങള്‍ക്ക് അമ്മയുമായി പ്രതി വഴക്കിട്ടിരുന്നു. കൊലപ്പെടുത്തുന്നതിന് ഒരാഴ്ച മുമ്പ് പ്രണയബന്ധം അവസാനിപ്പിക്കണമെന്ന് മകന്‍ അമ്മയോട് ആവശ്യപ്പെട്ടു.

കാമുകനുമായുള്ള ബന്ധം തുടരുമെന്ന് സ്ത്രീ മകനോട് പറഞ്ഞുവെന്ന് പൊലീസ് പറയുന്നു. ഇത് വലിയ തര്‍ക്കത്തിന് കാരണമായി. അടുത്ത ദിവസം കൃഷിയിടത്തില്‍ നിന്ന് മടങ്ങി വന്ന അമ്മയെ മകന്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു. ഇതിന് ശേഷം വയലിലേക്ക് വലിച്ചിഴച്ചു കൊണ്ട് പോയെന്ന് പൊലീസ് പറഞ്ഞു.

വീണ്ടും ഇരുവരും തര്‍ക്കം തുടര്‍ന്നു. ഇതിന് ശേഷം അമ്മയെ ബലാത്സംഗം ചെയ്ത് മകന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിറ്റേന്ന് സ്ത്രീയുടെ സഹോദരി വീട്ടിലെത്തിയപ്പോള്‍ അമ്മ വയലിലേക്ക് നേരത്തെ പോയെന്ന് മകന്‍ പറഞ്ഞു. എന്നാല്‍ അന്ന് വൈകുന്നേരവും സ്ത്രീ തിരിച്ചെത്താതിരുന്നതോടെ സഹോദരിയും ഭര്‍ത്താവും മകളും ചേര്‍ന്ന് തെരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

സ്ത്രീയുടെ സഹോദരിയാണ് പൊലീസില്‍ പരാതി നല്‍കിയത്. തൊട്ടടുത്ത ദിവസം രാവിലെ തന്നെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ മകന്‍ കുറ്റസമ്മതവും നടത്തി. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്വല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.