അക്രമി കുട്ടിയെകൊണ്ടു ലോക്കറിന്‍റെ താക്കോലെടുപ്പിച്ച ശേഷം ലോക്കര്‍ തുറന്ന് നാലുപവന്‍ വരുന്ന മാല കൈക്കലാക്കുകയായിരുന്നു.  

ചേര്‍ത്തല: പട്ടാപ്പകല്‍ വീട്ടില്‍ കയറി യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി നാലുപവന്‍ സ്വര്‍ണം കവര്‍ന്നു. ചേര്‍ത്തല നഗരസഭ 34-ാം വാര്‍ഡ് കുറ്റിക്കാട്കവല മാച്ചാന്തറ സജീവിന്റെ മകള്‍ അനന്തലക്ഷ്മി(24)യെ ആണ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്.

മൂന്നരയോടെ അനന്ത ലക്ഷ്മിയുടെ അമ്മൂമ്മ ബേബി കുളിക്കാനായി പോയ സമയത്താണ് അപ്രതീക്ഷിതമായി ഗേറ്റ് തുറന്നു വീട്ടിലേക്കു ഒരാള്‍ കയറിയത്. കറുത്ത പാന്‍റും നീല ഷര്‍ട്ടും ധരിച്ച മെലിഞ്ഞ ശരീരമുള്ളയാള്‍ മാസ്‌കും ധരിച്ചിരുന്നു. സ്വീകരണമുറിയില്‍ ഇരിക്കുകയായിരുന്ന അനന്തലക്ഷ്മിക്കു നേരെ കത്തിവീശി ഇയാള്‍ ഭീഷണി മുഴക്കിയ ശേഷം യുവതിയെ ഭിത്തിയില്‍ ചാരി നിര്‍ത്തി.

തുടര്‍ന്ന് കത്തികാട്ടി കിടപ്പുമുറിയിലെത്തിച്ച ശേഷം അലമാര തുറക്കാനാവശ്യപ്പെട്ടു. അലമാരയിലെ വസ്ത്രങ്ങളെല്ലാം വലിച്ചിട്ട ശേഷം അക്രമി കുട്ടിയെകൊണ്ടു ലോക്കറിന്‍റെ താക്കോലെടുപ്പിച്ച ശേഷം ലോക്കര്‍ തുറന്ന് നാലുപവന്‍ വരുന്ന മാലകൈക്കലാക്കുകയായിരുന്നു. ശേഷം തിരികെ പുറത്തേക്കു നടക്കുമ്പോള്‍ മോഷ്ടവിന്റെ കൈകളില്‍ നിന്നും മാലപിടിച്ചുവാങ്ങാന്‍ അനന്തലക്ഷ്മി ശ്രമിച്ചെങ്കിലും ചെറിയൊരു ഭാഗംമാത്രമാണ് കിട്ടിയത്. ബാക്കിഭാഗവുമായി ഇയാള്‍ കടന്നു.

അപ്രതീക്ഷിതമായ അക്രമത്തില്‍ ഭയന്നുപോയതിനാല്‍ ഒച്ചവെക്കാന്‍ പോലുമായില്ലെന്നു ബി.ബി.എ വിദ്യാര്‍ഥിനിയായ അനന്തലക്ഷ്മി പറഞ്ഞു. കുളികഴിഞ്ഞ് അമ്മുമ്മയെത്തുമ്പോഴേക്കും മോഷ്ടാവു കടന്നിരുന്നു. ഇതിനുശേഷമാണ് അമ്മുമ്മയോടു വിവരങ്ങള്‍ പറഞ്ഞതും സമീപവാസികള്‍ വിവരം അറിയുന്നത്. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുയായിരുന്നു.

പൊലീസ് പരിശോധനക്കിടെ സംശയാസ്പദമായ തരത്തില്‍ കണ്ടയാളെ പിടികൂടി വീട്ടിലെത്തിച്ചെങ്കിലും അയാളല്ലെന്നു തിരിച്ചറിഞ്ഞതോടെ വിട്ടയച്ചു. സംഭവത്തില്‍ ഫോണ്‍ രേഖകളും ലൊക്കേഷനും അടക്കം എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം നടക്കുയാണ്. പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നു ചേര്‍ത്തല സ്റ്റേഷന്‍ ഓഫീസര്‍ പി. ശ്രീകുമാര്‍ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona