ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരിൽ നിന്ന് അടുത്തിടെയായി മയക്കുമരുന്ന് കൂടിയ അളവിൽ പിടിച്ചതിനെ തുടർന്നാണ് ഇവിടങ്ങളിൽ നിന്നു വരുന്നവരുടെ പരിശോധന കർശനമാക്കിയത്.
ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ കോടികളുടെ മയക്കുമരുന്നുവേട്ട. എത്യോപ്യയിൽ നിന്നെത്തിയ ഇക്ബാൽ പാഷയിൽ നിന്നാണ് 100 കോടി വിലമതിക്കുന്ന മയക്കുമരുന്നുകൾ പിടികൂടിയത്. ഇത് കൂടാതെ തായ്ലാന്‍റില്‍ നിന്ന് എത്തിയ തമിഴ്നാട് സ്വദേശിയിൽ നിന്നും പാമ്പുകളും കുരങ്ങുകളും അടക്കം എക്സോട്ടിക് അനിമൽസ് വിഭാഗത്തിൽപ്പെടുന്ന ചെറു ജീവികളേയും പിടികൂടി.
6.02 കിലോഗ്രാം കൊക്കെയ്ൻ, 3.57 കിലോഗ്രാം ഹെറോയ്ൻ. ചെന്നൈ വിമാനത്താവളത്തിൽ ഇതാദ്യമാണ് ഇത്രയും കൂടിയ അളവിൽ മയക്കുമരുന്ന് ഒരാളിൽ നിന്ന് പിടികൂടുന്നത്. അന്താരാഷ്ട്ര മയക്കുമരുന്ന് വിപണിയിലിതിന് 100 കോടിക്കുമേൽ വില വരുമെന്ന് കസ്റ്റംസ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരിൽ നിന്ന് അടുത്തിടെയായി മയക്കുമരുന്ന് കൂടിയ അളവിൽ പിടിച്ചതിനെ തുടർന്നാണ് ഇവിടങ്ങളിൽ നിന്നു വരുന്നവരുടെ പരിശോധന കർശനമാക്കിയത്. പെരുമാറ്റത്തിൽ പന്തികേട് തോന്നിയ ഇക്ബാൽ പാഷയുടെ ശരീരവും ലഗേജും വിശദമായി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന അളവിൽ മയക്കുമരുന്നുകൾ കണ്ടെത്തിയത്. ആർക്കുവേണ്ടി കൊണ്ടുവന്നു, യഥാർത്ഥ ഉടമ ഇയാൾ തന്നെയോ എന്നുതുടങ്ങിയ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്. കൂടുതൽ വിവരം കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.
തായ്‍ലൻഡിൽ നിന്നെത്തിയ മറ്റൊരു യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്ത അനധികൃത കടത്തിന്‍റെ പട്ടിക കൗതുകകരമാണ്. 20 വിഷരഹിത പാമ്പുകൾ, രണ്ട് ആമകൾ, ഒരു ചെറു കുരങ്ങ് അടക്കം 23 ചെറു ജീവികൾ. തായ് എയർലൈൻസിൽ വന്നിറങ്ങിയ മുഹമ്മദ് ഷക്കീൽ എന്ന തമിഴ്നാട് രാമനാഥപുരം സ്വദേശിയുടെ ബാഗിൽ നിന്നാണ് ഇവയെ പിടികൂടിയത്. തായ്ലാൻഡിൽ ഇവയെ കൈവശം വയ്ക്കുന്നതും വ്യാപാരവും അനുവദനീയമാണെങ്കിലും ഇന്ത്യയിലിത് നിയമവിരുദ്ധമാണ്.
അരുമയായി വളർത്താനും അന്ധവിശ്വാസികളുടെ ആഭിചാരക്രിയകൾക്കും ഇതിൽ പലതിനേയും ഉപയോഗിക്കാറുണ്ട്. മുഹമ്മദ് ഷക്കീൽ എന്തിനാണ് ഇവയെ കൊണ്ടുവന്നത് എന്ന് വ്യക്തമല്ല. 5 ഇനം പെരുമ്പാമ്പ് കുഞ്ഞുങ്ങൾ, മധ്യ ആഫ്രിക്കയിൽ കണ്ടുവരുന്ന ചെറു കുരങ്ങ്, സീഷ്യൽസ് ദ്വീപിൽ കാണപ്പെടുന്ന ഒരിനം ആമ എന്നിവയെല്ലാം ഇയാളുടെ ബാഗിൽ ഉണ്ടായിരുന്നു.
ഇവയെ തായ്ലൻഡിലേക്ക് തിരിച്ചയക്കാനും അതിനുള്ള ചെലവ് ഇദ്ദേഹത്തിൽ നിന്ന് ഈടാക്കാനും സെൻട്രൽ ഫോറസ്റ്റ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ തീരുമാനിച്ചു.
ചെന്നൈ ബാങ്കിലെ വൻ കവർച്ചക്ക് പിന്നിൽ ജീവനക്കാരൻ, വലവിരിച്ച് പൊലീസ്
