മുംബൈ: അയൽക്കാരനുമായി അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് യുവാവ് ഭാര്യയെ തീകൊളുത്തി കൊന്നു. മുപ്പത്തിരണ്ടുകാരനായ മുഹമ്മദ് അഖ്ലഖ് നാസിം ഖുറൈഷി ആണ് മൂന്നു വയസ്സുകാരനായ മകന്റെ മുന്നിൽ വച്ച് ഭാര്യ മറിയം ഖൂറൈഷിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ​ഹാജരാക്കി. ഇവർ തമ്മിലുള്ള വഴക്ക് നിത്യസംഭവമായിരുന്നു എന്ന് അയൽക്കാർ പൊലീസിനോട് വെളിപ്പെടുത്തി. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. 

ഇവർ‌ തമ്മിലുള്ള വഴക്ക് പരിഹരിച്ച് മറിയത്തെ രക്ഷിക്കാൻ അയൽക്കാർ ഇടപെട്ടെങ്കിലും സാധിച്ചില്ല. ദേഹമാസകലം തീയുമായി മറിയം വീടിനുള്ളിൽ ഓടി നടക്കുന്നത് കണ്ടതായി അയൽക്കാർ സാക്ഷ്യപ്പെടുത്തുന്നു. പൊലീസ് സ്റ്റേഷനിൽ സംഭവം വിളിച്ചറിയിച്ചത് അയൽക്കാരാണ്. പൊലീസെത്തി മറിയത്തെ ഹോസ്പിറ്റലിൽ കൊണ്ടുപോയെങ്കിലും അവിടെ എത്തിയപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. 

ഇവരുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷമായെന്ന് അഖ്ലഖ് പറയുന്നു. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് അവർ തമ്മിലുള്ള വഴക്ക് ആരംഭിച്ചത്. ഭാര്യയെയും മകനെയും മുംബൈയിൽ തനിച്ചാക്കി ഉത്തർപ്രദേശിലെ മുസാഫിർ ന​ഗറിലാണ് അഖ്ലാഖ് ജോലിക്ക് പോയിരുന്നത്. ‌തിരികെ വരുന്ന സമയത്താണ് ഭാര്യയ്ക്ക് അയൽക്കാരനായ യുവാവുമായി ബന്ധമുണ്ടെന്ന് അഖ്ലാഖ് അറിഞ്ഞത്. ഇതിനെച്ചൊല്ലി അവർ വഴക്കിട്ടിരുന്നു. സംഭവം നടക്കുന്ന തിങ്കളാഴ്ചയുണ്ടായ പ്രശ്നത്തെ തുടർന്നാണ് അഖ്ലാഖ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.