മുംബൈ:  ആട്ടിറച്ചി വിളമ്പിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ഭർത്താവ്. നവി മുംബൈയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. പല്ലവി സരോഡ് എന്ന യുവതിയെയാണ് ഭർത്താവ് മാരുതി സരോഡ്(38) തീ കൊളുത്തിയത്.

കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. അന്നേ ദിവസം മാരുതി മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അത്താഴത്തിന് ആട്ടിറച്ചി വിളമ്പിയത് കുറഞ്ഞുപോയെന്ന് ആരോപിച്ച് മാരുതി ഭാര്യയെ വഴക്കുപറഞ്ഞു. എന്നിട്ടും ദേഷ്യം അടങ്ങാത്ത ഇയാൾ ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 

ഇവരുടെ കുട്ടികളുടെ നിലവിളികേട്ട് അയൽക്കാർ സ്ഥലത്തെത്തുകയും ​ഗുരുതരമായി പരിക്കേറ്റ പല്ലവിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. കുലിപ്പണിക്കാരനായ മാരുതിക്കും പല്ലവിക്കും  നാല് കുട്ടികളുണ്ട്.