ഹൈദരാബാദ്: വിവാഹ ബന്ധം എതിര്‍ത്തതിന് അമ്മയെ മകള്‍ ശ്വാസംമുട്ടിച്ചുകൊന്ന സംഭവത്തിന്‍റെ ഞെട്ടല്‍ മാറുന്നതിന് മുമ്പ് ഹൈദരാബാദില്‍ നിന്ന് നടുക്കുന്ന മറ്റൊരു കൊലപാതകം കൂടി. 45കാരനായ ആദിവാസി യുവാവ് സ്വത്തുക്കള്‍ക്കുവേണ്ടി രക്ഷിതാക്കളെ തീയിട്ടുകൊന്നു. വരങ്കല്‍ ജില്ലയിലെ നെക്കൊണ്ട ബ്ലോക്കില്‍ മഡിപ്പള്ളി ഗ്രാമത്തിലാണ് സംഭവം. 

ഭുക്യ ദസ്രു (70), ഭാര്യ ഭുക്യ ബാജു (65) എന്നിവരെയാണ് മകന്‍ ഭുക്യ കെതുറാമും അയാളുടെ മകന്‍ വെങ്കടേഷും ചേര്‍ന്ന് തീയിട്ടത്. ഇരുവരും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവമെന്ന് പൊലീസ് വ്യക്തമാക്കി. ദസ്റു ദമ്പതികള്‍ക്ക് 10 ഏക്കറോളം ഭൂമി സ്വന്തമായുണ്ട്. ഇതില്‍ എട്ട് ഏക്കര്‍ ഭൂമി നാല് മക്കള്‍ക്കുമായി വീതിച്ച് നല്‍കി. ബാക്കിയുള്ള രണ്ട് ഏക്കര്‍ തങ്ങളുടെ ശിഷ്ടകാലത്തേക്കായി മാറ്റിവച്ചു. 

ഇളയമകന്‍ വീരണ്ണയ്ക്ക് കെതുറാമിനേക്കാള്‍ 10 ശതമാനം കൂടുതല്‍ ഭൂമി നല്‍കിയെന്നാരോപിച്ച് ഇയാള്‍ രക്ഷിതാക്കളോട് തര്‍ക്കിച്ചിരുന്നു. വീരണ്ണ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചതോടെ ഇയാളുടെ സ്വത്ത് സഹോദരിമാരിലൊരാള്‍ പണം നല്‍കി വാങ്ങി. ഇത് കെതുറാമിനെ ചൊടിപ്പിച്ചു. 

ഭൂമി നല്‍കിയത് സംബന്ധിച്ച് ബുധനാഴ്ച വൈകീട്ട് പിതാവും കെതുറാമുമായി വാക്കുതര്‍ക്കമുണ്ടായി. രാത്രി രക്ഷിതാക്കള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മകന്‍ വെങ്കടേഷുമായെത്തിയ കേതുറാം ഇരുവര്‍ക്കും മേല്‍ മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു. തുടര്‍ന്ന് വീട് പുറത്തുനിന്ന് പൂട്ടുകയും ചെയ്തു. ദമ്പതികളുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 

പൊള്ളലേറ്റ കെതുറാമിനെയും മകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി നെക്കൊണ്ട പൊലീസ് സബ് ഇന്‍സ്പെക്ടര്‍ വി നവീന്‍ കുമാര്‍ പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.