പാട്ന: കൂട്ടുകാരുമായി സംസാരിക്കുന്നതിനിടെ ഭക്ഷണം കഴിക്കാന്‍ വിളിച്ച അമ്മയെ മകൻ വെടിവെച്ചു വീഴ്ത്തി. ബിഹാർ സീതാപുർ സ്വദേശി മഞ്ജൂർ ദേവി(55)യെയാണ് മകന്‍ അങ്കത് യാദവ്(20) വെടിവെച്ചത്. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ മഞ്ജൂര്‍ ദേവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂട്ടുകാരോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ പലതവണ ഭക്ഷണം കഴിക്കാന്‍ വിളിച്ചതില്‍ പ്രകോപിതനായാണ് യുവാവ് അമ്മയെ വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു.

സംഭവുമായി ബന്ധപ്പെട്ട് മകൻ അങ്കത് യാദവിനെ(20) പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി 10.30-ഓടെയായിരുന്നു ദാരുണമായ സംഭവം. രാത്രി വൈകിയിട്ടും വീടിന്  വീടിന് പുറത്ത് കൂട്ടുകാരുമായി സംസാരിച്ചിരിക്കുകയായിരുന്നു അങ്കത്. ഇതിനിടെ  പലതവണ ഭക്ഷണം കഴിക്കാനായി മഞ്ജൂർ ദേവി മകനെ വിളിച്ചു. വീട്ടിലേക്ക് വരാതിരുന്നതോടെ ഒടുവിൽ വീടിന് പുറത്തിറങ്ങിയും  മകനോട് ഭക്ഷണം കഴിക്കാൻ അമ്മ വരാൻ ആവശ്യപ്പെട്ടു. ഇതോടെ പ്രകോപിതനായ അങ്കത്  പിതാവിന്റെ സഹോദരി നോക്കി നില്‍ക്കെ കൈയിലുണ്ടായിരുന്ന നാടൻ തോക്കെടുത്ത് അമ്മയ്ക്ക് നേരേ വെടിയുതിർക്കുകയായിരുന്നു.

വെടിയേറ്റ് വീണ മഞ്ജൂറിനെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിലും പിന്നീട് പാട്ന  മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം വീടിന് സമീപത്തെ കാട്ടിൽ ഒളിച്ച അങ്കതിനെ പൊലീസ് പിടികൂടി. ഏറെ സാഹസികമായാണ് പ്രതിയെ പോലീസ് പറഞ്ഞു.  പൊലീസിനെ കണ്ട യുവാവ് വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും പ്രതിയിൽനിന്ന് നാടൻ തോക്ക് പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.