ദില്ലി: ഉടമയക്ക് വാടക കുടിശിക കൊടുക്കാതിരിക്കാൻ ലക്ഷ്യമിട്ട് യുവാവ് നടത്തിയ നാടകം പൊളിഞ്ഞു. സ്വന്തം തുടയിലും തോളിലും തോക്കുപയോഗിച്ച് വെടിയുതിർത്ത ശേഷം ഉടമ തന്നെ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് യുവാവ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

ദില്ലിയിലെ അമർ കോളനിയിലാണ് സുമിത് ഭദന എന്നയാൾ തന്റെ തന്നെ ശരീരത്തലേക്ക് വെടിയുതിർത്തത്. അമർ കോളനിയിൽ ജുനെജ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പേയിംഗ് ഗെസ്റ്റ് ഹോസ്റ്റൽ പ്രവർത്തിപ്പിക്കുകയായിരുന്നു സുമിത്. കെട്ടിടത്തിന്റെ വാടകയിനത്തിൽ 2.5 ലക്ഷം രൂപ ജുനേജയ്ക്ക് സുമിത് നൽകാനുണ്ടായിരുന്നു. ഇതൊഴിവാക്കാനായിരുന്നു കൊലപാതകശ്രമം ഉടമയിൽ ആരോപിക്കാൻ ശ്രമിച്ചത്.

ആഗസ്റ്റ് 22 ന് പൊലീസിനെ വിളിച്ച സുമിത് തന്നെ ജുനേജ ആക്രമിച്ചെന്ന് പരാതിപ്പെട്ടു. തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഇയാൾ പറഞ്ഞു. ആക്രമിക്കപ്പെട്ടെന്ന് സുമിത് പറഞ്ഞ സ്ഥലത്ത് പൊലീസ് എത്തിയപ്പോൾ ഇവിടെ രക്തവും വെടിയുണ്ടയുടെ ഭാഗവും (കാറ്റ്‌റിഡ്‌ജ്) കണ്ടെത്തി. 

ആറ് മാസത്തെ വാടക കുടിശികയുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയുമായി തർക്കം ഉണ്ടായെന്നും ഇതിനിടെ ജുനേജ തോക്കെടുത്ത് ആക്രമിക്കുകയായിരുന്നെന്നും സുമിത് പൊലീസിന് മൊഴി നൽകി. എന്നാൽ ജുനേജ ഇത് നിഷേധിച്ചു. സുമിതിന്റെ മൊഴിയിൽ വൈരുദ്ധ്യങ്ങൾ കണ്ടെത്തിയ പൊലീസ് ജുനേജയെ കസ്റ്റഡിയിലെടുത്തില്ല. ഇതോടെ അപകടം മണത്ത പ്രതി ആശുപത്രിയിൽ നിന്നും വൈദ്യോപദേശം ലംഘിച്ച് വിടുതൽ വാങ്ങി. 

ദില്ലിയിലെ ശാസ്ത്രി നഗറിൽ സഹോദരിയുടെ വീട്ടിൽ നിന്നും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ സുഹൃത്തിൽ നിന്നാണ് ഇയാൾ തോക്ക് വാങ്ങിയത്.