ദില്ലി: പട്ടാപ്പകൽ യുവാവിനെ വെടിവച്ച് കൊന്നു. ദില്ലിയിലെ നരീലയിലാണ് സംഭവം. ബിഎസ്പി പ്രവ‍ർത്തകനായ വീരേന്ദർ കാലെയാണ് കൊല്ലപ്പെട്ടത്. രാവിലെ പതിന്നൊന്ന് മണിയോടെ ദില്ലി നരീലയിലെ ലാംപർ മോഡിലായിരുന്നു സംഭവം. ബൈക്കിലെത്തിയാണ് സംഘം യുവാവിന് നേരെ വെടിയുതിര്‍ത്തത്. 

കാറിൽ സഞ്ചരിക്കുകയായിരുന്ന വീരേന്ദ്രനെ നാല് ബൈക്കുകളിലായി എത്തിയ സംഘം തടഞ്ഞുനിര്‍ത്തി. തുടർന്ന് വെടിവയ്ക്കുകയായിരുന്നു. കാറിന്റെ ചില്ല് വെടിവയ്പ്പിൽ തകർന്നു. വിരേന്ദ്രന്റെ ശരീരത്തിൽ നിന്ന് 18 വെടിയുണ്ടകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. 

നടുറോഡിൽ ആളുകൾ നോക്കി നിൽക്കെയായിരുന്നു ആക്രമണം. വെടിവയ്പ്പ് തുടങ്ങിയതോടെ ആളുകൾ ചിതറിയോടി. എന്നാൽ കാറിലായിരുന്നു വീരന്ദറിന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തിയെങ്കിലും അപ്പോഴേക്കും സംഘം ബൈക്കിൽ രക്ഷപ്പെട്ടിരുന്നു. 

വീരേന്ദ്രനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ബിഎസ്പി സ്ഥാനാ‍ർത്ഥിയായി മുനിസിപ്പിൽ തെരഞ്ഞെടുപ്പിൽ വിരേന്ദര്‍ മത്സരിച്ചിരുന്നു. ഇയാൾ 13 കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.