ഉത്തർപ്രദേശ്: സഹോദരിയുടെ ഭർത്താവിനെ കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിയായ ബടുകേശ്വര്‍ ത്രിലോക് തിവാരി (32) യാണ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. സഹോദരി വന്ദനയെയും ഭര്‍ത്താവായ രോഹിത്തിനെയും കാണാന്‍ മുംബൈയില്‍ എത്തിയതാണ് ബടുകേശ്വര്‍. സഹോദരിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് സംഭവം നടന്നത്.

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് വന്ദന രോഹിത്തിനെ വിവാഹം കഴിച്ചത്. കോടതിയുടെ സഹായത്തോടെ ആറുമാസം മുന്‍പായിരുന്നു വിവാഹം. തുടര്‍ന്ന് സഹോദരിയെ കാണാന്‍ എന്ന വ്യാജേന എത്തിയ ബടുകേശ്വര്‍ രോഹിത്തിനെ ആക്രമിക്കുകയായിരുന്നു. മദ്യപിച്ചെത്തിയ ഇയാൾ സഹോദരി വിളമ്പി നൽകിയ ഭക്ഷണം കഴിച്ചതിന് ശേഷമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. 

മദ്യലഹരിയിലായിരുന്ന തിവാരി സഹോദരിയുടെ ഭര്‍ത്താവിന് നേരെ നിറയൊഴിച്ചു. വെടിയുണ്ടയില്‍ നിന്ന് ഒഴിഞ്ഞുമാറിയ ഭര്‍ത്താവ് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഉടനെ വന്ദനയെയും കൂട്ടി രോഹിത് വീട്ടില്‍ നിന്ന് പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടു. ഇതിന് പിന്നാലെ വീട് അകത്തുനിന്ന് പൂട്ടി ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇയാൾക്ക് തോക്ക് ലഭിച്ചത് എവിടെ നിന്നാണെന്നും ലൈസൻസ് ഉണ്ടോ എന്നും അന്വേഷിക്കുന്നതായി പൊലീസ് ഉദ്യോ​ഗസ്ഥർ കൂട്ടിച്ചേർത്തു.