തെലങ്കാന: തെലങ്കാനയിലെ വാറങ്കൽ ജില്ലയിൽ യുവതിയെ കാമുകൻ കഴുത്തറത്ത് കൊന്നു. ഹനംകോണ്ടയിലെ ലഷ്‌കർ സിംഗാരം ഗ്രാമത്തിലെ ഹരതി (25) എന്ന യുവതിയെയാണ് കാസിപേട്ടിലെ വിഷ്ണുപുരി കോളനിയിലെ എംഡി ഷാഹിദ് (26) കൊലപ്പെടുത്തിയത്. ദീർഘകാലമായി ഇവർ പ്രണയത്തിലായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഷാഹിദ് പ്രാദേശിക കോടതിയിൽ ജഡ്ജിയുടെ മുമ്പാകെ പ്രതി കീഴടങ്ങി.

ഇയാൾക്കെതിരെ കൊലപാതക കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും ചോദ്യം ചെയ്യുകയാണെന്നും വാറങ്കൽ പോലീസ് കമ്മീഷണർ വി രവീന്ദർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി ഷാഹിദും ഹാരതിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് കാസിപേട്ട് പോലീസ് പറഞ്ഞു. ഹാരതി ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിരുന്നു. ഷാഹിദ് ഒരു പ്രാദേശിക മട്ടൺ ഷോപ്പിൽ കശാപ്പുകാരനായിട്ടാണ് ജോലി ചെയ്തിരുന്നത്.

ഷാഹിദ് പതിവായി ഹാരതിയുടെ വീട് സന്ദർശിച്ചിരുന്നു, അവരുടെ മാതാപിതാക്കൾക്കും അവരുടെ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നു. അതേസമയം ഹാരതി മറ്റൊരാളുമായി അടുപ്പത്തിലാണെന്ന് ഷാഹിദ് സംശയിച്ചിരുന്നുവെന്നും ഈ വിഷയത്തിൽ നിരവധി തവണ ഇവർ തമ്മിൽ വഴക്കിട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം കാസിപേട്ടിലെ വീട്ടിലേക്ക് ഷാഹിദ് ഹരതിയെ വിളിച്ചു വരുത്തുകയായിരുന്നു. പെൺകുട്ടി വീട്ടിൽ ചെന്നപ്പോൾ മൂർച്ചയുള്ള കത്തി പുറത്തെടുത്ത് അവളുടെ തൊണ്ട മുറിക്കുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ പെൺകുട്ടി മരിച്ചതായി പൊലീസ് വ്യക്തമാക്കി.