ജയിലിൽ നിന്നുമിറങ്ങിയ ശേഷവും ഇവരുടെ ബന്ധം തുടർന്നു. ഈ ബന്ധത്തെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു. എന്നാല്‍ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ഇരുവരും തയ്യാറായില്ല.

തിരുവനന്തപുരം: വ‍ർക്കലയില്‍ വീട്ടിലെത്തിയ മകളുടെ ആണ്‍സുഹൃത്തിനെ അച്ഛൻ വെട്ടിപരിക്കേൽപ്പിച്ചതില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി പൊലീസ്. വർക്കല ചരുവിള വീട്ടിൽ ബാലുവിനാണ് വെട്ടേറ്റത്. പെണ്‍കുട്ടിയുടെ അച്ഛൻ ജയകുമാറിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാലു ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച മൂന്നുമണിക്കായിരുന്നു സംഭവം. 

ജയകുമാറിന്‍റെ മകളും ബാലുവുമായി വർഷങ്ങളായി അടുപ്പത്തിലാണ്. മൂന്നു വ‍ർഷം മുമ്പ് ഇതേ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയെന്ന പരാതിയിൽ ബാലുവിനെതിരെ പോക്സോ കേസെടുക്കുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ജയിലിൽ നിന്നുമിറങ്ങിയ ശേഷവും ഇവരുടെ ബന്ധം തുടർന്നു. ഈ ബന്ധത്തെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു. എന്നാല്‍ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ഇരുവരും തയ്യാറായില്ല. പെണ്‍കുട്ടി വിളിച്ചതനുസരിച്ചാണ് വീട്ടിലെത്തിയതെന്നാണ് ബാലു പൊലീസിനോട് പറഞ്ഞത്. വീട്ടിനു പുറകിൽ രണ്ടുപേരെയും കണ്ടതോടെ ജയകുമാർ പ്രകോപിതനാവുകയും വെട്ടുകത്തിയെടുത്ത് ബാലുവിനെ ആക്രമിക്കുകയുമായിരുന്നു. തലക്കും മുതുകിനുമാണ് വെട്ടേറ്റത്. വെട്ട് തടയാൻ ശ്രമിച്ച ജയകുമാറിന്‍റെ ഭാര്യയുടെ കൈക്കും പരിക്കേറ്റു. 

വെട്ടിയ ശേഷം വെട്ടികത്തിയുമായി വർക്കല നഗരത്തിലേക്ക് പോയ ജയകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു, വ‍ർക്കല ആശുപത്രിയിലെ പ്രാഥമിക ശിശ്രൂഷകള്‍ക്കു ശേഷം ബാലുവിനെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.