പ്രദേശത്ത് ഇപ്പോഴും സംഘർഷ സാഹചര്യം നിലനിൽക്കുകയാണ്. വണ്ണിയർ സംഘം മുൻ നേതാവ് കൂടിയായ മയിലാടുംതുറ കോതത്തെരു സ്വദേശി കണ്ണൻ എന്ന യുവാവിനെ ഇന്നലെ രാത്രിയാണ് അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
തഞ്ചാവൂര്‍: തമിഴ്നാട് മയിലാടുംതുറയിൽ ഗുണ്ടാനിയമപ്രകാരം റിമാൻഡിലായിരുന്ന യുവാവിനെ ജയിൽ മോചിതനായതിന് തൊട്ടുപിന്നാലെ വെട്ടിക്കൊന്ന സംഭവത്തിൽ 13 പേർ അറസ്റ്റിൽ. കൊലയാളി സംഘത്തിൽ ഒരാൾ സിപിഎം പ്രവർത്തകനും മറ്റൊരാള്‍ തമിഴ് ഈലം പ്രവർത്തകനുമാണ്. പ്രദേശത്ത് ഇപ്പോഴും സംഘർഷ സാഹചര്യം നിലനിൽക്കുകയാണ്. വണ്ണിയർ സംഘം മുൻ നേതാവ് കൂടിയായ മയിലാടുംതുറ കോതത്തെരു സ്വദേശി കണ്ണൻ എന്ന യുവാവിനെ ഇന്നലെ രാത്രിയാണ് അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
ഗുണ്ടാനിയമപ്രകാരം അറസ്റ്റിലായി ജയിലിലായിരുന്ന കണ്ണനെ മുൻവൈരാഗ്യമുള്ള കതിരവൻ എന്നയാളുടെ നേതൃത്വത്തിലാണ് മുഖത്തും നെഞ്ചിനും തുരുതുരാ വെട്ടിയാണ് കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇന്നലെ തന്നെ പൊലീസിന് പ്രതികളുടെ വ്യക്തമായ വിവരം ലഭിച്ചിരുന്നു. മുഖ്യപ്രതി കതിരവൻ അടക്കം കൊലയാളി സംഘത്തിലെ 13 പേരെ വിവിധയിടങ്ങളിൽ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎം പ്രവർത്തകനായ ദുരൈക്കണ്ണ്, തമിഴ് ഈലം പ്രവർത്തകൻ പ്രഭാകരൻ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയും അറസ്റ്റിലായിട്ടുണ്ട്. 12 പ്രതികളേയും കനത്ത പൊലീസ് സുരക്ഷയിൽ മയിലാടുതുറൈ ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടിയെ ജുവനൈൽ കറക്ഷൻ ഹോമിലേക്ക് മാറ്റി. രാഷ്ട്രീയപ്രവർത്തകർ കേസിൽ പ്രതികളാണെങ്കിലും കൊലയ്ക്ക് കാരണം വ്യക്തിവൈരാഗ്യമാണെന്നാണ് പൊലീസിന്‍റെ നിഗമനം. ആറ് മാസം മുമ്പ് ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ പ്രധാന പ്രതി കതിരവനുമായി ഉണ്ടായ അടിപിടിയെത്തുടർന്നാണ് കണ്ണൻ അറസ്റ്റിലായത്.
ആറ് മാസത്തെ പക! ജയിൽ മോചിതനായതിന് പിന്നാലെ യുവാവിനെ വെട്ടിനുറുക്കി
കണ്ണൻ ജയിലിൽ നിന്ന് ഇറങ്ങിയ ഉടൻ, മുമ്പ് മർദ്ദനമേറ്റ പകയിൽ കതിരവൻ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ടയാൾ സമുദായ സംഘടനയായ വണ്ണിയർ സംഘം നേതാവുകൂടിയായതുകൊണ്ട് പ്രദേശത്ത് സംഘർഷ സാഹചര്യം നിലനിൽക്കുന്നുണ്ട്. പട്ടാളിമക്കൾ കക്ഷി പ്രവർത്തകരും വണ്ണിയർ സംഘം പ്രവർത്തകരും നഗരത്തിൽ സംഘടിച്ച സാഹചര്യത്തിൽ നഗരപരിധി കർശനമായ പൊലീസ് സുരക്ഷയിലാണ്. നഗരത്തിലെ മദ്യശാലകളെല്ലാം അടച്ചിടാൻ പൊലീസ് നിർദേശം നൽകി. സാഹചര്യം ശാന്തമാക്കാൻ വണ്ണിയർ സംഘം നേതാക്കളും പ്രദേശം സന്ദർശിച്ചു. തഞ്ചാവൂർ ഡിഐജി എ കയൽവിഴി മയിലാടുംതുറയിൽ ക്യാമ്പ് ചെയ്യുകയാണ്.
