കോയമ്പത്തൂര്‍: പ്രണയം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് യുവതിയെ വീട്ടില്‍ക്കയറി യുവാവ് കുത്തിക്കൊലപ്പെടുത്തി. കോയമ്പത്തൂര്‍ സ്വദേശിയും ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ ഐശ്വര്യ(18)യാണ് കൊല്ലപ്പെട്ടത്. ഐശ്വര്യയുടെ പിതാവിനും കുത്തേറ്റു. ഇയാള്‍ ചികിത്സയിലാണ്. പ്രതിയായ രതീഷിനു(20) വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. വെള്ളിയാഴ്ചയാണ് സംഭവം. 

ഐശ്വര്യയും രതീഷും ഏറെനാള്‍ പ്രണയത്തിലായിരുന്നു. മാതാപിതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇരുവരും ബന്ധമുപേക്ഷിച്ചു. നാല് മാസം മുമ്പാണ് ഇരുവരും അവസാനമായി സംസാരിച്ചത്. ലോക്ക് ഡൗണ്‍ കാരണം രതീഷിന് ഐശ്വര്യയെ കാണാന്‍ സാധിച്ചില്ല. ഫോണ്‍കോളുകള്‍ ഐശ്വര്യ ഒഴിവാക്കുകയും ചെയ്തു.

പ്രണയം വീണ്ടും ആരംഭിക്കണമെന്നാവശ്യപ്പെട്ട് രതീഷ് വെള്ളിയാഴ്ച രാത്രി ഐശ്വര്യയുടെ വീട്ടിലെത്തുകയായിരുന്നു. വീടിന് മുന്നില്‍ വെച്ച് ഇരുവരും വാക്കു തര്‍ക്കമുണ്ടായി. തുടര്‍ന്ന് കൈയ്യില്‍ കരുതിയ കത്തിയെടുത്ത് രതീഷ് ഐശ്വര്യയെ നിരവധി തവണ കുത്തി. തടയാനെത്തിയ പിതാവ് ശക്തിവേലിനെയും പ്രതി ആക്രമിച്ചു. പിന്നീട് പ്രതി സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സമീപവാസികളാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.