ബറേലി: കടം വാങ്ങിയ 120 രൂപ തിരികെ ചോദിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഉറ്റസൃഹൃത്തിനെ യുവാവ് തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ഖേരി ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. ലക്ഷ്മിപൂര്‍ സ്വദേശി രാമുവാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ രാമുവിന്റെ സുഹൃത്തും അയൽക്കാരനുമായ ബിർജു കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

രാമുവിന്റെ കയ്യിൽ നിന്നാണ് ബിർജു പണം കടം വാങ്ങിയത്. എന്നാൽ, പണം തിരികെ ചോദിക്കുമ്പോഴെക്കെ ബിർജു, രാമുവിനെ അസഭ്യം വിളിക്കുക പതിവായിരുന്നു. പതിവുപോലെ പണം തിരികെ ചോദിക്കാനെത്തിയതിനെ തുടർന്ന് ചീത്ത വിളിക്കാനൊരുങ്ങിയ ബിർജുവിനെ രാമു തടഞ്ഞു. ഇതേത്തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ബിർജു വടിയെടുത്ത് രാമുവിനെ മർദ്ദിക്കുകയുമായിരുന്നു.

ആക്രമണത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ രാമുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. സംഭവത്തിൽ രാമുവിന്റെ മകൻ ദിലീപിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.