ദേശീയ പതാക കൊണ്ട് സ്കൂട്ടര്‍ തുടയ്ക്കുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തതോടെയാണ് വിഷയം പുറത്തായത്.
ദില്ലി: ദേശീയ പതാക കൊണ്ട് സ്കൂട്ടര്‍ തുടയ്ക്കുന്ന വീഡിയോ വൈറലായതോടെ ഒരാള്‍ അറസ്റ്റില്‍. ദില്ലിയിലെ ബജന്‍പുര പ്രദേശത്താണ് സംഭവം. നോര്‍ത്ത ഗൊന്‍ഡ ഏരിയയില്‍ താമസിക്കുന്ന 52 വയസുകാരനാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. ദേശീയ പതാക കൊണ്ട് സ്കൂട്ടര്‍ തുടയ്ക്കുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തതോടെയാണ് വിഷയം പുറത്തായത്.
വെള്ള സ്‌കൂട്ടർ മടക്കിയ ദേശീയ പതാക ഉപയോഗിച്ച് വൃത്തിയാക്കുകയും പൊടി തുടയ്ക്കുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഈ വിഷയത്തിൽ നിയമനടപടി ആരംഭിക്കുകയും 1971ലെ ദേശീയ മാനത്തോടുള്ള അപമാനം തടയല്‍ നിയമത്തിലെ സെക്ഷൻ രണ്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് ഭജൻപുര പൊലീസ് അറിയിച്ചു.
ഇയാൾ ഉപയോഗിച്ച കൊടിയും സ്കൂട്ടറും കണ്ടെടുത്തിട്ടുണ്ട്. ബോധപൂർവമല്ലെന്നും അബദ്ധത്തിൽ ചെയ്തതാണെന്നുമാണ് വിഷയത്തില്‍ ഇയാള്‍ നല്‍കിയ മറുപടിയെന്നും പൊലീസ് പറഞ്ഞു.
പതാക ഉയര്‍ത്തുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും ശ്രദ്ധിക്കുക
പതാക ഒരിക്കലും തറയിൽ മുട്ടാതെ വേണം കെട്ടാൻ
കോട്ടൺ, പോളിസ്റ്റർ, കമ്പിളി, സിൽക്ക്, ഖാദി എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന പതാക ഉപയോഗിക്കാം
കൈ കൊണ്ടു നൂൽക്കുന്നതോ, നെയ്തതോ, മെഷീനിൽ തീർത്തതോ ആയ ദേശീയ പതാക ഉപയോഗിക്കാം
കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയർത്തരുത്
മറ്റേതെങ്കിലും പതാകയ്ക്കൊപ്പമൊ, കീഴിലോ ദേശീയ പതാക ഉയർത്താൻ പാടില്ല ∙
തലതിരിഞ്ഞ രീതിയിൽ പ്രദർശിപ്പിക്കരുത്. അലങ്കാര രൂപത്തിൽ ഉപയോഗിക്കരുത്.
പതാകയിൽ എഴുത്തുകളും ഉണ്ടാകരുത്.
കൊടി മരത്തിൽ പതാക ഉയർത്തുകയാണെങ്കിൽ മാത്രമേ പതാക രാത്രിയിൽ താഴ്ത്തി കെട്ടേണ്ടതുള്ളൂ. അത് കൊണ്ട് തന്നെ വീടുകളിൽ കെട്ടുന്ന പതാക ദിവസവും രാത്രി അഴിച്ചു വയ്ക്കേണ്ടതില്ല
പതാകയെ അപമാനിക്കുന്ന തരത്തിലുള്ള യാതൊരു പ്രവൃത്തികളിലും ഏർപ്പെടരുത്
പ്ലാസ്റ്റിക് അടക്കമുള്ളവകൊണ്ട് നിർമിച്ച പതാകകൾ കത്തിക്കാൻ പാടില്ല
ഉപയോഗിച്ച ദേശീയ പതാകകൾ അലക്ഷ്യമായി വലിച്ചെറിയാനോ അനാദരവ് കാണിക്കാനോ പാടില്ല
