യുവതിയുടെ ഭർത്താവും കുഞ്ഞും മരിച്ച് പോകുമെന്ന് വിശ്വസിപ്പിച്ച് അതിന് പരിഹാരത്തിനായി പൂജ ചെയ്യുന്നതിന് യുവതിയോട് നഗ്ന ഫോട്ടോയും വീഡിയോയും ആവശ്യപ്പെട്ടു. 


തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിൽ സ്ത്രീകളുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി മന്ത്രവാദിനി ചമഞ്ഞ് അതുവഴി സൗഹൃദത്തിലായ യുവതികളുടെ നഗ്ന ദൃശ്യങ്ങൾ വാങ്ങുകയും പ്രചരിപ്പിക്കുകയും ചെയ്തയാൾ പിടിയിൽ. കള്ളിക്കാട് മുണ്ടവൻകുന്ന് സുബീഷ് ഭവനിൽ സുബീഷിനെ (37 ) ആണ് നെയ്യാർ ഡാം സ്വദേശിനിയുടെ പരാതിയിൽ റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ആനി ഫിലിപ്പ്, സിന്ധു തുടങ്ങിയ പേരുകളിൽ പ്രതി ഫെ യ്സ് ബുക്കിൽ വ്യാജ അക്കൗണ്ട് തുടങ്ങി ഇതുവഴിയാണ് യുവതിയുമായി പരിചയത്തിലാകുന്നത്.

തുടർന്ന് താൻ മന്ത്രവാദിനിയാണെന്ന് ഇയാള്‍ യുവതിയെ തെറ്റിദ്ധരിപ്പിച്ചു. തുടര്‍ന്ന് യുവതിയുടെ ഭർത്താവും കുഞ്ഞും മരിച്ച് പോകുമെന്ന് വിശ്വസിപ്പിച്ച് അതിന് പരിഹാരത്തിനായി പൂജ ചെയ്യുന്നതിന് യുവതിയോട് നഗ്ന ഫോട്ടോയും വീഡിയോയും ആവശ്യപ്പെട്ടു. ഇങ്ങനെ കൈക്കലാക്കിയ ദൃശ്യങ്ങൾ സുബീഷ് പിന്നീട് ഓൺലൈൻ വഴി പ്രചരിപ്പിച്ചു. ഇത് അറിഞ്ഞതിനെ തുടർന്നാണ് യുവതി പരാതി നൽകിയത്.

പ്ലംബിംഗ് ജോലിയായിരുന്നു സുബീഷിന്‍റെ ജോലി. എന്നാല്‍, ഈ ജോലി ഉപേക്ഷിച്ചാണ് വ്യാജ പ്രോഫൈലില്‍ വഴി സാമൂഹിക മാധ്യമത്തിലൂടെ ഇയാള്‍ മന്ത്രവാദിനിയാണെന്ന തെറ്റിദ്ധാരണയുണ്ടാക്കി ഇയാള്‍ തട്ടിപ്പ് നടത്തിയത്. കുളിക്കടവിലെ സ്ത്രീകളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതിന് നേരത്തെ സുബീഷിനെതിരെ കേസുകൾ ഉണ്ട്. അശ്ലീല വെബ് സൈറ്റുകള്‍ക്ക് അടിമയായത് മുതലാണ് സുബീഷിൽ ഈ മാറ്റാമെന്നാണ് നാട്ടുകാർ പറയുന്നത്.

നേരിട്ട് അറിയാവുന്ന പരിചയക്കാരായ സ്ത്രീകളെ വരെ സുബീഷ് ഇത്തരത്തില്‍ വ്യാജ ജ്യോതിഷിയുടെ ഫേസ് ബുക്ക് പ്രോഫൈല്‍ ഉണ്ടാക്കി കബളിപ്പിച്ചിട്ടുണ്ട്. നല്ല വാക് സാമര്‍ത്ഥ്യമുള്ള സൂബീഷിന് ആരെയും പറഞ്ഞു വിശ്വസിപ്പിക്കാൻ അസാമാന്യ കഴിവ് ഉണ്ടെന്ന് നാട്ടുകാരും പറയുന്നു. ഇയാളുടെ വലയില്‍ കൂടുതൽ സ്ത്രീകൾ അകപ്പെട്ടതായി സംശയമുണ്ട്. നഗ്‌നപൂജ ചെയ്യാനായി നിരവധി സ്ത്രീകളില്‍ നിന്നും നഗ്‌ന ചിത്രങ്ങളും വീഡിയോകളും സുബീഷ് കൈപ്പറ്റിയിട്ടുണ്ടെന്നും സൂചനയുണ്ട്. കുടുംബത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും സ്ത്രീകളോട് നഗ്നപൂജയാണ് ഇയാള്‍ നിര്‍ദ്ദേശിക്കാറ്. ഇത്തരത്തില്‍ ലഭിക്കുന്ന വീഡിയോകള്‍ സുബീഷ് അശ്ലീല സൈറ്റുകളിലൂടെ പ്രചരിപ്പിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.