Asianet News MalayalamAsianet News Malayalam

'സർപ്രൈസ്' കൊതിച്ച മകളെ ചരിച്ചുകിടത്തി വെട്ടിക്കൊന്ന ക്രൂരത, അമ്മയെയും വെട്ടി; ഒടുവിൽ പ്രതിയുടെ ആത്മഹത്യ

കേസിൽ വിചാരണ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പ്രതി ജീവനൊടുക്കുന്നത്. 497  പേജുകളുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. കൃത്യം നടന്ന 78 -ാം ദിവസമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 

man who hacks his six-year-old daughter to death in Mavelikkara commits suicide follow up story vkv
Author
First Published Dec 15, 2023, 5:37 PM IST

കൊല്ലം: മാവേലിക്കരയിൽ ആറ് വയസ്സുകാരി മകളെ  മഴു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവ്   ശ്രീമഹേഷ് ട്രെയിനിൽ നിന്നും ചാടി ജീവനൊടുക്കിയത്  വിചാരണക്ക് ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ്. ഉച്ചയ്ക്ക് 3 മണിയോടെ  ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം. കേസിൽ അറസ്റ്റിലായ മഹേഷ് നേരത്തെയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മകളെ കൊന്ന കുറ്റത്തിന് പിടിയിലായി ജയിലിൽ കഴിയവെ ജൂൺ എട്ടിന് മഹേഷ് കത്തി ഉപയോഗിച്ച് കഴുത്തിലേയും കൈയിലേയും ഞരമ്പ്  മുറിച്ച് അത്മഹത്യക്ക് ശ്രമിച്ചിരുന്നു.

ഗുരുതരമായി പരിക്കേറ്റ ശ്രീമഹേഷ് ദിവസങ്ങളോളം ഐസിയുവിൽ ആയിരുന്നു. ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പർ മുറിക്കുന്ന കത്തി കൊണ്ട് പ്രതി കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്. തുടർന്ന് കടുത്ത നിരീക്ഷണത്തിലായിരുന്ന പ്രതി ഇന്ന് വിചാരണ കഴിഞ്ഞ് മടങ്ങവേ ട്രെയിനിൽ നിന്ന് ചാടിയത്. മൂത്രമൊഴിക്കാനെന്ന് പറഞ്ഞ് പോയ പ്രതി  കൂടെയുണ്ടായിരുന്ന രണ്ട് പൊലീസുകാരെ തള്ളി മാറ്റി ട്രാക്കിലേക്ക് ചാടുകയായിരുന്നു.  

കഴിഞ്ഞ ജൂണ്‍ ഏഴിനായിരുന്നു മനുഷ്യ മനസാക്ഷിയെ നടുക്കിയ അതിക്രൂരമായ കൊലപാതകം നടന്നത്.  പുന്നമൂട് ആനക്കൂട്ടില്‍ വീടിന്റെ സിറ്റൌട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആറ് വയസുകാരിയായ മകൾ നക്ഷത്രയെ ഒരു സര്‍പ്രൈസ് തരാമെന്ന് പറഞ്ഞ് ചരിച്ചു കിടത്തിയ ശേഷം കൈയ്യില്‍ ഒളിപ്പിച്ച മഴു ഉപയോഗിച്ച് 38 കാരനായ ശ്രീമഹേഷ് അതിക്രൂരമായി അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അപ്രതീക്ഷിതമായി അവിടേക്ക് കയറിച്ചെന്ന അമ്മ സുനന്ദയേയും ഇയാള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. 

ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ ശ്രീമഹേഷ് മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. 
തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ പൊലീസ് നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. കേസിൽ വിചാരണ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പ്രതി ജീവനൊടുക്കുന്നത്. 497  പേജുകളുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. കൃത്യം നടന്ന 78 -ാം ദിവസമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതി ശ്രീമഹേഷിന് തന്റെ വിവാഹം നടക്കാത്തതില്‍ ഉണ്ടായ വൈരാഗ്യവും നിരാശയുമാണ് കുട്ടിയെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.  

വിവാഹ ആലോചന നിരസിച്ച വനിത പൊലീസ് കോണ്‍സ്റ്റബിളിനെ വകവരുത്തുവാനും ഇയാള്‍ക്ക് പദ്ധതി ഉണ്ടായിരുന്നതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായതായി പറയുന്നു. അതേസമയം രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്ത ശ്രീമഹേഷിന്‍റെ ഭാര്യ വിദ്യയെ  ഭർത്താവ് കെട്ടിത്തൂക്കിയതാണോ എന്ന ആരോപണവും അടുത്തിടെ ഉയർന്നിരുന്നു. കൊച്ചുമകളുടെ കൊലപാതകത്തിന് പിന്നാലെ വിദ്യയുടെ അച്ഛനും അമ്മയും മകളുടെ മരണത്തിന് പിന്നിലും ശ്രീമഹേഷ് ആകാമെന്ന സംശയം ആരോപിച്ചിരുന്നു.  

Read More : കാമുകന് വേണ്ടി ഭർത്താവിനെ ഒഴിവാക്കി, ഇതിനിടെ മറ്റൊരു ബന്ധം; തടസമായ കാമുകനെ കൊല്ലാൻ ക്വട്ടേഷൻ, 28കാരി പിടിയിൽ

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

Follow Us:
Download App:
  • android
  • ios