ഗുഡ്ഗാവ്: ഹരിയാനയില്‍ ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് യുവാവിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ക്രൂരമായി തല്ലിച്ചതച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ഗുഡ്ഗാവ് സ്വദേശിയായ ആകാശ്(28) എന്ന യുവാവിനെയാണ് ഒരു സംഘം ആളുകള്‍ കൊല്പപെടുത്തിയത്.  ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ച അന്ന് മുതല്‍ പലകോണുകളില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നുവെന്ന് ആകാശിന്‍റെ സഹോദരന്‍ പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച ഗുഡ്ഗാവിലെ ബാദ്‌ഷാപൂർ ഗ്രാമത്തിൽ വച്ചാണ് ആക്രമണം നടന്നത്.  ഭാര്യയുടെ വീട്ടില്‍ മാതാപിതാക്കളെ കാണാനായി പോയി മടങ്ങി വരവെയാണ് സംഭവം. വീട്ടിലേക്ക് മടങ്ങവെ ആകാശ് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ പ്രതികളൊരായ അജയുടെ ശരീരത്ത് തട്ടി. ഇതിനെ തുടര്‍ന്ന് വാക്കുതര്‍ക്കത്തിനിടെ അജയ് സുഹൃത്തുക്കളെ വിളിച്ച് വരുത്തി ആകാശിനെ വടികൊണ്ടും കമ്പികൊണ്ടും മര്‍ദ്ദിച്ചവശനാക്കി. ആക്രമണത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെട്ടു.

ഗുരുതരമായി പരിക്കേറ്റ ആകാശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ആകാശിന്‍റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിളെ റിമാന്‍ഡ് ചെയ്തു. അഞ്ച് പ്രതികള്‍ക്കും ആകാശ് ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ച വിവരം അറിയാമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സഹോദരന്‍ ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ചതില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട അജയ് അടക്കമുള്ളവര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് അകാശിന്‍റെ സഹോദരന്‍ രാഹുല്‍ സിങ് പൊലീസിനോട് പറഞ്ഞു. ആകാശ് ഗ്രാമത്തില്‍ പ്രവേശിച്ചാല്‍ വെറുതെ വിടില്ലെന്നായിരുന്നു ഭീഷണിയെന്നും ആകാശ് പറയുന്നു.