Asianet News MalayalamAsianet News Malayalam

ഫേസ്ബുക്കില്‍ കെണിയൊരുക്കും, സ്ത്രീകളെ പറ്റിച്ച് തട്ടിയെടുത്തത് ലക്ഷങ്ങള്‍; ദമ്പതികൾ പിടിയിൽ

തൃശൂർ സ്വദേശിനിയിൽ നിന്ന് ഇവര്‍ തട്ടിയത് 35 ലക്ഷം രൂപയാണ്. തട്ടിപ്പ് മനസ്സിലാക്കിയതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

manipur couples arrested for cheating women through facebook
Author
Thrissur, First Published Oct 21, 2021, 12:46 AM IST

തൃശ്ശൂര്‍: ഫേസ്ബുക്കിലൂടെ(facebook) സ്ത്രീകളെ പരിചയപ്പെട്ട് പണം തട്ടുന്ന(cheating) മണിപ്പൂർ സ്വദേശികളായ ദമ്പതികൾ(manipur couples ) പിടിയിൽ(couple arrest). തൃശൂർ സ്വദേശിനിയിൽ നിന്ന് 35 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് അറസ്റ്റ്. ബംഗളൂരും ദില്ലിയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ തട്ടിപ്പ് സംഘത്തിലെ പ്രമുഖരാണ് ഇവർ. വിദേശത്തുള്ള ഡോക്ടര്‍ ആണെന്ന് പറഞ്ഞ് സ്ത്രീകളെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷമായിരുന്നു തട്ടിപ്പ്.

സ്ത്രീകളെ പരിചയപ്പെട്ട ശേഷം വിദേശത്തുനിന്നും വിലപിടിപ്പുള്ള സമ്മാനം അയച്ചിട്ടുണ്ട് എന്ന് പറഞ്ഞ് വിശ്വാസത്തിലെടുക്കും. അതിന് ശേഷം ഇന്ത്യയിലെ പാഴ്സല്‍ കമ്പിനിയില്‍ നിന്നാണെന്ന് പറഞ്ഞ് സ്ത്രീകളെ വിളിക്കും. പാഴ്സലിനകത്ത് വിദേശ കറന്‍സിയും, സ്വര്‍ണ്ണവും ആണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും. ഇതിന് നികുതി, ഇന്‍ഷ്വറന്‍സ്, ഇന്ത്യൻ രൂപയിലേക്കുക്ക് വിദേശ കറന്‍സി മാറ്റുന്നിനുള്ള പ്രോസസ്സിങ്ങ് ഫീസ് തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് വന്‍ തുകകള്‍ വിവിധ അക്കൌണ്ടുകളിലേക്ക് അയപ്പിക്കും. 

പണം കൈപറ്റിയ ശേഷം വിദേശത്തുനിന്നും പാഴ്സല്‍ വഴി ഇന്ത്യയിലേക്ക് പണം അയക്കുന്നത് നിയമവിരുദ്ധം ആണെന്നും, സംഭവം റിസര്‍വ്വ് ബാങ്കിനേയും, പോലീസിനേയും അറിയിക്കും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തും. ഇതേ രീതിയിൽ തൃശൂർ സ്വദേശിനിയിൽ നിന്ന് ഇവര്‍ തട്ടിയത് 35 ലക്ഷം രൂപയാണ്. തട്ടിപ്പ് മനസ്സിലാക്കിയതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

സംഘത്തിലെ പ്രധാനിയായ സെര്‍റ്റോ രുഗ്നേഹി കോം എന്ന സ്ത്രീയാണ് തട്ടിപ്പിനിരയായ സ്ത്രീകളെ പാഴ്സല്‍ കമ്പിനിയില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണിള്‍ വിളിച്ച് പണം ആവശ്യപ്പെട്ടിരുന്നത്. വിവിധ ബാങ്ക് അക്കൌണ്ടുകളിലേക്കാണ് ഇവര്‍ പണം അയപ്പിച്ചിരുന്നത്. ഇവരുടെ ഭര്‍ത്താവായ സെര്‍റ്റോ ഹരിംഗ്നേതാങ് കോം  എന്നയാളാണ് തട്ടിപ്പിനാവശ്യമുള്ള ബാങ്ക് അക്കൌണ്ടുകളും സിം കാര്‍ഡുകളും സംഘടിപ്പിച്ചിരുന്നത്. പ്രതികള്‍ രണ്ട് മാസം കൂടുമ്പോള്‍ താമസസ്ഥലം മാറുകയാണ് ചെയ്തിരുന്നത്.

ബംഗളൂരുവിൽ നിന്നാണ് വൻ തട്ടിപ്പുസംഘത്തിലെ പ്രധാനികളായ മണിപ്പൂര്‍ സ്വദേശികൾ തൃശ്ശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസിന്‍റെ പിടിയിലായത്.  പ്രതികളില്‍ നിന്നും നിരവധി മൊബൈല്‍ ഫോണുകളും, എടിഎം കാര്‍ഡുകളും സിം കാര്‍ഡുകളും  ചെക്ക് ബുക്കുകളും, മറ്റും കണ്ടെടുത്തി. കേരളത്തിലും, മറ്റു സംസ്ഥാനങ്ങളിലും ഉള്ള നിരവധി പേരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ പ്രതികള്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തി കൈപ്പറ്റിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios