കണ്ണൂര്‍: കണ്ണൂർ കുന്നത്തൂർപ്പാടി മുത്തപ്പൻ ദേവസ്ഥാനത്തിന് സമീപം സ്ത്രീവേഷത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മാസങ്ങൾക്ക് മുൻപ് മലപ്പട്ടം അടൂരിൽ നിന്ന് കാണാതായ ആശാരിത്തൊഴിലാളിയായ ശശിയുടേതാണ് മൃതദേഹമെന്നാണ് നിഗമനം. രാത്രിയിൽ സ്ത്രീ വേഷമണിഞ്ഞ് നടക്കുന്ന ശീലമുണ്ടായ ഇയാളെ മുൻപ് നാട്ടുകാർ പിടികൂടിയതിനെത്തുടർന്ന് നാടുവിട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മൃതദേഹത്തിൽ നിന്ന് തെളിവുകൾ ലഭിച്ചെങ്കിലും ഡിഎൻഎ പരിശോധനയിലൂടെ ശാസ്ത്രിയമായ സ്ഥിരീകരണത്തിന് ശ്രമിക്കുകയാണ് പൊലീസ്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കുന്നത്തൂർപ്പാടിയിലെ ആളൊഴിഞ്ഞ മുത്തപ്പൻ ദേവസ്ഥാനത്തിന് സമീപം സാരിചുറ്റിയ നിലയിൽ ആഭരണങ്ങളുമായി തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്. മൂന്ന് മാസമെങ്കിലും പഴക്കമുള്ള മൃതദേഹം ബാക്കി ഭാഗം അഴുകിയിരുന്നു. സമീപത്ത് ലഭിച്ച ഫോണിൽ നിന്നുള്ള ഫോട്ടോകളും ബാഗിലെ സാധനങ്ങളും ശരീരത്തിലെ ആഭരണങ്ങളും പരിശോധിച്ചാണ് ശശിയുടേതാണ് മൃതദേഹമെന്ന നിഗമനം.

ആശാരിത്തൊഴിലാളിയായ ഇയാൾ രാത്രിയിൽ സ്ത്രീ വേഷമണിഞ്ഞ് ആഭരണങ്ങളോടെ ഒഴിഞ്ഞ പ്രദേശങ്ങളിൽ ഇറങ്ങുമായിരുന്നു.  ഒരു തവണ നാട്ടുകാർ പിടികൂടിയതോടെ താമസം ചുഴലിയിലേക്ക് മാറ്റി. സ്ത്രീ വേഷത്തിലും, ചമയങ്ങളണിഞ്ഞും ഉള്ള ഫോട്ടോകൾ ഫോണിൽ നിന്ന് കണ്ടെടുത്തു. ബാഗിൽ നിന്ന് സ്ഥിരം കയ്യിലുണ്ടാകാറുള്ള മേയ്ക്കപ്പ് സാധനങ്ങളും കിട്ടി. ഇയാൾക്ക് ശ്മശാനങ്ങളിൽ താമസിക്കുന്ന ശീലവും ഉണ്ടായിരുന്നുവെന്നാണ് വിവരം. വിജനമായ പ്രദേശമായതിനാൽ മൂന്ന് മാസത്തോളം മൃതദേഹം ആരുടെയും ശ്രദ്ധയിൽപ്പെട്ടതുമില്ല. 

വിറകെടുക്കാനെത്തിയവരാണ് പിന്നീട് മൃതദേഹം കണ്ടത്. സമീപത്ത് നിന്ന് വിഷക്കുപ്പിയും കണ്ടെടുത്തു. മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കാക്കുകയാണ് പൊലീസ്. മൃതദേഹം സംബന്ധിച്ച സ്ഥിരീകരണത്തിന് ഡിഎൻഎ പരിശോധനക്കും ഒരുങ്ങുകയാണ്. നാടുവിട്ട ശേഷം വീട്ടുകാരുമായി ഇയാൾക്ക് കാര്യമായ ബന്ധമുണ്ടായിരുന്നില്ല.