പട്ടാമ്പിയിൽ വിവാഹം നടത്തിത്തരാമെന്ന് പറഞ്ഞ് പണം തട്ടിയ വൈരാഗ്യത്തിൽ കല്യാണ ബ്രോക്കറെ കുത്തിക്കൊന്നു
പാലക്കാട്: പട്ടാമ്പിയിൽ വിവാഹം നടത്തിത്തരാമെന്ന് പറഞ്ഞ് പണം തട്ടിയ വൈരാഗ്യത്തിൽ കല്യാണ ബ്രോക്കറെ കുത്തിക്കൊന്നു. വണ്ടുംന്തറ സ്വദേശി അബ്ബാസാണ് മരിച്ചത്. പ്രതി ചെർപുളശ്ശേരി സ്വദേശി മുഹമ്മദലിയെ കൊപ്പം പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവം. വിവാഹം ശരിയാക്കാം എന്ന് പറഞ്ഞ് കല്യാണ ബ്രോക്കറായ അബ്ബാസ് മുഹമ്മദാലിയിൽ നിന്ന് പണം വാങ്ങിയിരുന്നു. എന്നാൽ വിവാഹം തരപ്പെട്ടില്ല. പണം തിരികെ നൽകിയതുമില്ല. ഇതിൽ പ്രകോപിതനായ പ്രതി, രാവിലെ അബ്ബാസിന്‍റെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടു. പിന്നാലെ ഉണ്ടായ തർക്കത്തിനിടെയായിരുന്നു ആക്രമണം.
ഓട്ടോറിക്ഷയിലാണ് പ്രതി അബ്ബാസിന്‍റെ വീട്ടിലെത്തിയത്. കൃത്യത്തിന്ശേഷം ഇയാൾ അതേ വാഹനത്തിൽ രക്ഷപ്പെട്ടു. ഓട്ടോറിക്ഷ കേന്ദ്രീരിച്ചു നടത്തിയ അന്വേഷണത്തിലാണ്, മുളയങ്കാവിൽ വച്ച് കൊപ്പം പൊലീസ് മുഹമ്മദാലിയെ പിടികൂടിയത്. ഇരുവരും തമ്മിൽ രണ്ടുദിവസമായി തർക്കം ഉണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇതിന്റെ തുടർച്ചയാണ് കൊലപാതകം. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
റിസോര്‍ട്ട് കേന്ദ്രീകരിച്ച് കാട്ടുമാംസ വില്‍പ്പന; വയനാട്ടില്‍ മാനിറച്ചിയുമായി നാലംഗ സംഘം പിടിയില്‍
മാനന്തവാടി: റിസോര്‍ട്ട് കേന്ദ്രീകരിച്ച് വില്‍പ്പന നടത്താനായി ശേഖരിച്ച കാട്ടുമാംസവുമായി വയനാട്ടില്‍ നാലംഗ വേട്ടസംഘം വനംവകുപ്പിന്റെ പിടിയിലായി. എടമന സ്വദേശികളായ മേച്ചേരി സുരേഷ് (42), ആലക്കണ്ടി പുത്തന്‍മുറ്റം മഹേഷ് (29), കൈതക്കാട്ടില്‍ മനു (21), വാഴപറമ്പില്‍ റിന്റോ (32) എന്നിവരാണ് മലമാനിന്റെ ഇറച്ചിയുമായി വനപാലകരുടെ പിടിയിലായത്.
ചൊവ്വാഴ്ച പുലര്‍ച്ചെ വരയാല്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ നടത്തിയ രാത്രികാല പരിശോധനയിലാണ് വേട്ട സംഘം പിടിയിലായത്. 30 കിലോ ഇറച്ചി, നാടന്‍ തോക്ക്, സംഘം യാത്രക്ക് ഉപയോഗിച്ച മാരുതി കാര്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
റിസോര്‍ട്ട് കേന്ദ്രീകരിച്ച് വന്യമൃഗങ്ങളെ വേട്ടയാടുകയും ഇറച്ചി വില്‍പ്പന നടത്തുകയും ചെയ്യുന്ന പ്രതികകളാണിവരെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പ്രതികളെ പിടികൂടാനുണ്ടെന്നും പേര്യ റെയ്ഞ്ച് ഓഫീസര്‍ എം.പി.സജീവ് അറിയിച്ചു. വനപാലകരായ എ. അനീഷ്, സി. അരുണ്‍, എസ്. ശരത്ചന്ദ്, കെ.വി. ആനന്ദന്‍, വി. സുനില്‍കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
