ജയ്പൂ‍ർ: ഇതരജാതിയിപ്പെട്ട ആളെ പ്രണയിച്ച മകളെ അച്ഛൻ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. രാജസ്ഥാനിലെ ദോസയിൽ ആണ് സംഭവം. 18 വയസ്സുള്ള പെൺകുട്ടിയെയാണ് പിതാവ് കൊലപ്പെടുത്തിയത്. പട്ടിക ജാതിയിൽപ്പെട്ട ആളുമായി പെൺകുട്ടി പ്രണയത്തിൽ ആയിരുന്നു. ഫെബ്രുവരി 16 ന് പെൺകുട്ടിയും മറ്റൊരാളുമായുളള വിവാഹം നടന്നിരുന്നു. വീട്ടിലേക്ക് തിരിച്ചുവന്നതിന് ശേഷം പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. 

ഇതോടെ മകളെ തട്ടിക്കൊണ്ടുപോയതായി പിതാവ് പരാതിയുമായി രം​ഗത്തെത്തി. എന്നാൽ ഇന്നലെ പൊലീസിൽ കീഴടങ്ങിയ ഇയാൾ മകളൊ താൻ കൊന്നതായി മൊഴി നൽകി. തങ്ങൾക്ക് ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പെൺകുട്ടിയും കാമുകനും നേരത്തേ കോടതിയെ സമീപിച്ചിരുന്നു. 

ജയ്പൂരിൽ നിന്ന് ദോസയിലേക്ക് മടങ്ങിയെത്തിയ ഇരുവരെയും തടഞ്ഞുനിർത്തിയ ബന്ധുക്കൾ പെണ‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി. പിന്നാലെ കാമുകൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതായി സമ്മതിച്ച് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ കീഴടങ്ങിയത്. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.