Asianet News MalayalamAsianet News Malayalam

'കാമുകിയും കുടുംബവും ബ്ലാക്മെയില്‍ ചെയ്തു', ഫേസ് ബുക്ക് ലൈവിനിടെ യുവാവ് ജീവനൊടുക്കി

വിവാഹിതനും മൂന്ന് മക്കളുടെ അച്ഛനുമായ യുവാവാണ് ജീവനൊടുക്കിയത്

Married Man Accused Of Rape By Lover Dies in Nagpur SSM
Author
First Published Sep 14, 2023, 8:33 AM IST

നാഗ്പൂര്‍: കാമുകിയും കുടുംബവും ബ്ലാക്മെയില്‍ ചെയ്തെന്ന് ആരോപിച്ച് വിവാഹിതനായ യുവാവ് ഫേസ് ബുക്ക് ലൈവിനിടെ ജീവനൊടുക്കി. നാഗ്പൂരിലാണ് സംഭവം. 38കാരനായ മനീഷ് ആണ് മരിച്ചത്. 

തന്‍റെ കാമുകിയായിരുന്ന 19കാരിയും കുടുംബവും തനിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി എന്നാണ് മനീഷിന്‍റെ ആരോപണം. യുവതിയും കുടുംബാംഗങ്ങളും 5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പണം നൽകിയില്ലെങ്കിൽ തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മനീഷ് പറഞ്ഞു.

സെപ്തംബർ ആറിന് യുവതിയെ വീട്ടിൽ നിന്ന് കാണാതായിരുന്നു. യുവതി മനീഷിനൊപ്പം ഒളിച്ചോടിയതാണെന്ന് കുടുംബം ആരോപിക്കുകയുണ്ടായി. എന്നാല്‍ യുവതിയുമായി ശാരീരിക ബന്ധമുണ്ടായിട്ടില്ലെന്ന് മനീഷ് പറഞ്ഞു. വീട്ടില്‍ തിരിച്ചെത്തിയ ശേഷം, മനീഷ് ബലാത്സംഗം ചെയ്തെന്ന ആരോപണം യുവതി ഉന്നയിച്ചു. എന്നാല്‍ പണം ആവശ്യപ്പെട്ട് യുവതിയും കുടുംബവും തന്നെ ഭീഷണിപ്പെടുത്തി എന്നാണ് മനീഷിന്‍റെ ആരോപണം.

യുവതിയും യുവതിയുടെ കുടുംബവും ഒരു ഫോട്ടോ സ്റ്റുഡിയോ ഓപ്പറേറ്ററുമാണ് തന്‍റെ മരണത്തിന് ഉത്തരവാദികളെന്ന് മനീഷ് ഫേസ് ബുക്ക് ലൈവില്‍ പറഞ്ഞു. നദിയിൽ ചാടിയാണ് മനീഷ് ജീവനൊടുക്കിയത്. 38 വയസ്സുള്ള യുവാവ് വിവാഹിതനാണ്. മൂന്ന് മക്കളുണ്ട്.  

ഫേസ് ബുക്ക് ലൈവ് പുറത്തുവന്നതോടെ പൊലീസ് തെരച്ചിൽ നടത്തി. യുവാവിന്റെ മൃതദേഹം നദിയിൽ നിന്ന് കണ്ടെടുത്തു, നാഗ്പൂരിലെ കലമന പൊലീസ് കേസെടുത്ത് നാല് പേരെ അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

Follow Us:
Download App:
  • android
  • ios