Asianet News MalayalamAsianet News Malayalam

'കൂടത്തായി ദുരൂഹ മരണത്തില്‍ മാസ്റ്റര്‍ ബ്രെയിന്‍ ജോളിയുടേതല്ല': മുന്‍ എസ് പി ജോര്‍ജ് ജോസഫ്

സയനൈഡാണ് ഉപയോഗിച്ചതെങ്കില്‍ അത് ജോളിക്ക് എത്തിച്ച് നല്‍കാനും അത് രഹസ്യമാക്കി വക്കാനും ഈ സംഭവങ്ങള്‍ കൃത്യമായി നിരീക്ഷിക്കുകയും ചെയ്തത് ഈ മാസ്റ്റര്‍ ബ്രെയിന്‍ ആണ്. ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന് കേസില്‍ വ്യക്തമായ പങ്കുണ്ടെന്ന് മുന്‍ എസ് പി ജോര്‍ജ് ജോസഫ്

master brain in Koodathai death is not jolly says former sp george joseph
Author
Thiruvananthapuram, First Published Oct 5, 2019, 12:54 PM IST

തിരുവനന്തപുരം: കൂടത്തായി കൊലപാതകങ്ങള്‍ നടത്തിയത് ജോളിയാണെങ്കിലും കൊലപാതകങ്ങളുടെ മാസ്റ്റര്‍ ബ്രെയിന്‍ അവരുടേതാവില്ലെന്ന് മുന്‍ എസ് പി ജോര്‍ജ് ജോസഫ്. കേസ് വളരെ ദുരൂഹമാണ്. പൊലീസ് ഏറെ സമര്‍ത്ഥയോടെയും സമചിത്തതയോടെയുമാണ് കൈകാര്യം ചെയ്യുന്നത്. ദീര്‍ഘകാലത്തെ ഇടവേളകളില്‍ നടത്തിയ കൊലപാതകങ്ങള്‍  നടത്തിയത് ജൊളി തന്നെ ആയിരിക്കാം പക്ഷേ പദ്ധതിയുടെ മാസ്റ്റര്‍ ബ്രെയിന്‍ മറ്റൊരാളാണെന്ന് മുന്‍ എസ് പി ജോര്‍ജ് ജോസഫ് പറയുന്നു.

സയനൈഡാണ് ഉപയോഗിച്ചതെങ്കില്‍ അത് ജോളിക്ക് എത്തിച്ച് നല്‍കാനും അത് രഹസ്യമാക്കി വക്കാനും ഈ സംഭവങ്ങള്‍ കൃത്യമായി നിരീക്ഷിക്കുകയും ചെയ്തത് ഈ മാസ്റ്റര്‍ ബ്രെയിന്‍ ആണ്. ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന് കേസില്‍ വ്യക്തമായ പങ്കുണ്ട്. അന്നമ്മയുടെ മരണ ശേഷം ഷാജുവിനെ ആ വീട്ടില്‍ വരുന്നതില്‍ നിന്ന് ടോം തോമസ് വിലക്കിയിരുന്നു. ഇവര്‍ രണ്ടുപേരുടേയും ഡയറികളും കാണാതായിട്ടുണ്ട്. ഈ തെളിവുകള്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് ജോര്‍ജ് ജോസഫ് കൂട്ടിച്ചേര്‍ത്തു. 

അന്നമ്മ തോമസിന്‍റെ എട്ട് പവനോളം സ്വര്‍ണം കാണാതായിട്ടുണ്ട്. ഇതില്‍ ജോളിയുടെ പങ്കുണ്ടെന്നാണ് സംശയിക്കേണ്ടത്. കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ച വിഷപദാര്‍ത്ഥം ജോളി കയ്യില്‍ തന്നെ കൊണ്ടുനടന്നിരിക്കാം. അവസരങ്ങള്‍ വന്നപ്പോള്‍ അവ ഉപയോഗിച്ചിരിക്കാനാണ് സാധ്യതയെന്നും മുന്‍ എസ് പി ജോര്‍ജ് ജോസഫ് പറയുന്നു.

എന്നാല്‍ സയനൈഡ് പദാര്‍ത്ഥങ്ങളാണ് മരണങ്ങള്‍ക്ക് പിന്നിലെങ്കില്‍ അവ ഇത്രയധികം വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്താനുള്ള സാധ്യത കുറവാണെന്ന് മുന്‍ ചീഫ് കെമിക്കല്‍ എക്സാമിനര്‍ കെ ജി ശിവദാസന്‍ പറയുന്നു. പെട്ടന്ന് തന്നെ മണ്ണുമായി കൂടിച്ചേരുന്ന സ്വഭാവമുള്ളതാണ് സയനൈഡ് സംയുക്തങ്ങള്‍. മെറ്റാലിക് അംശമുള്ള വിഷപദാര്‍ത്ഥങ്ങളോ കീടനാശിനിയോ ആണെങ്കില്‍ മൃതദേഹാവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെത്താന്‍ സാധിക്കുമെന്നും കെ ജി ശിവദാസന്‍ പറയുന്നു. എല്ലിലോ നഖത്തിലോ സയനൈഡിന്‍റെ സാന്നിധ്യം കാണാനുള്ള സാധ്യതയും കുറവാണെന്ന് കെ ജി ശിവദാസന്‍ കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios