ഭുവനേശ്വറിലെ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി എംബിഎ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ 67കാരനായ പലചരക്ക് കടയുടമ അറസ്റ്റിൽ. ഛത്തീസ്ഗഡ് സ്വദേശിനിയായ വിദ്യാർഥിനി ഇൻഫോ വാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഹോസ്റ്റലിൽ പുറത്തുനിന്നുള്ളയാൾ എങ്ങനെ പ്രവേശിച്ചുവെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഭുവനേശ്വർ: ഒഡീഷയെ ഞെട്ടിച്ച് ഹോസ്റ്റലിൽ ബലാത്സംഗം. തലസ്ഥാനമായ ഭുവനേശ്വറിൽ 67 കാരനായ പലചരക്ക് കടയുടമ തന്റെ കടയോട് ചേർന്നുള്ള വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി എംബിഎ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. പ്രതിയായ ദീപക് പ്രധാനെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ഗംഗാപദ പ്രദേശത്ത് പലചരക്ക് കട നടത്തുന്ന പ്രധാൻ, ഏപ്രിൽ 24 ന് ഛത്തീസ്ഗഡിലെ ബിലാസ്പൂർ സ്വദേശിയായ എംബിഎ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തതായാണ് പരാതി. അതിജീവിത പൊലീസിനെ സമീപിക്കുകയും ഇൻഫോ വാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. അതിജീവിതയെ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വനിതാ ഹോസ്റ്റലിൽ പുറത്തുനിന്നുള്ള ഒരാൾ എങ്ങനെ പ്രവേശിച്ചുവെന്ന് പൊലീസ് അന്വേഷിക്കുന്നു. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുമെന്ന് പോലീസ് പറഞ്ഞു. ദില്ലിയിൽ ഐഐടി ഡൽഹി ബിരുദധാരിയായ ഒരു ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ, അവരുടെ കുടുംബത്തിലെ മുൻ വീട്ടുജോലിക്കാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം ഉണ്ടായത്.
