മഞ്ചേശ്വരം ബടാജെയിലെ സൂരജ് റായി (26), മഹാരാഷ്ട്ര താനെ സിറ്റി സ്വദേശിനി സെന ഡിസൂസ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 21 ഗ്രാം എംഡിഎംഎ പിടികൂടി.

കാസര്‍കോട്: കാസര്‍കോട് ഹൊസങ്കടിയില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിയ മഹാരാഷ്ട്ര സ്വദേശിയായ യുവതി അടക്കം രണ്ട് പേര്‍ പിടിയില്‍. മഞ്ചേശ്വരം ബടാജെയിലെ സൂരജ് റായി (26), മഹാരാഷ്ട്ര താനെ സിറ്റി സ്വദേശിനി സെന ഡിസൂസ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 21 ഗ്രാം എംഡിഎംഎ പിടികൂടി. ഹൊസങ്കടിയില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വില്‍പ്പന നടത്തുകയായിരുന്നു ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.

പരിശോധനയില്‍ 10,850 രൂപയും കണ്ടെടുത്തിട്ടുണ്ട്. അതേസമയം, വാളയാർ ടോൾ പ്ലാസയിൽ ഹാഷിഷ് ഓയിലും കഞ്ചാവുമായി സ്വകാര്യ എയർ ബസ്സിലെ ഡ്രൈവറും ക്ലീനറും അറസ്റ്റിലായി. പകൽ സമയത്ത് ഉപയോഗിക്കാൻ സൂക്ഷിച്ചതായിരുന്നു ഇവയെന്നാണ് ഇരുവരും എക്സൈസിന് നൽകിയ മൊഴി. ചാലക്കുടിയിൽ കാറിൽ കടത്തിയ 185 കുപ്പി മദ്യവുമായി രണ്ടുപേർ അറസ്റ്റിലായിരുന്നു. കോട്ടയം തലയോലപ്പറമ്പിൽ വാഹന പരിശോധനയ്ക്കിടെ 100 കിലോ കഞ്ചാവും പിടികൂടിയിരുന്നു.

തൃശ്ശൂർ സ്വദേശികളായ അനന്തു സ്വകാര്യഎയർ ബസിലെ ഡ്രൈവറും, അജി ഇതേ ബസിലെ ക്ലീനറുമാണ്. ഡ്രൈവിങ് ചെയ്യാത്ത സമയത്ത് ഉപയോഗിക്കാൻ കരുതി വെച്ചതാണ് ഹാഷിഷ് ഓയിലും കഞ്ചാവുമെന്നാണ് ഇരുവരും വ്യക്തമാക്കിയത്. ഇന്ന് രാവിലെ ആറ് മണിയോടെ എക്സൈസ് സംഘം വാളയാർ ടോൾ പ്ലാസയിൽ നടത്തിയ പരിശോധനയിലാണ് വൻ ലഹരിവേട്ട കണ്ടെത്തിയത്.പ്രതികളുടെ ലൈസൻസും വിശദാംശങ്ങളും മോട്ടോർ വാഹന വകുപ്പിനു അടുത്ത ദിവസം കൈമാറുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

ചാലക്കുടിയിൽ 185 കുപ്പി മദ്യം കടത്തിയ ടാറ്റൂ ആർടിസ്റ്റും കൂട്ടാളിയും അറസ്റ്റിലായി. വടകര സ്വദേശി രാജേഷും ടാറ്റൂ അർടിസ്റ്റായ മാഹി സ്വദേശി അരുണുമാണ് മാഹിയിൽ നിന്ന് മദ്യം കടത്തിയത്. കാറിന്‍റെ ഡിക്കിയില്‍ കാർഡ്ബോഡ് പെട്ടികളിൽ നിരത്തിവെച്ച മദ്യക്കുപ്പികൾ ചാക്ക് കൊണ്ട് മറച്ചുവെച്ച നിലയിലായിരുന്നു. രാജേഷ് മുമ്പും മദ്യക്കടത്ത് കേസിലെ പ്രതിയായിട്ടുണ്ട്.

സ്വകാര്യ ബസിൽ ഹാഷിഷ് ഓയിലും കഞ്ചാവും; വാളയാറിലെ പരിശോധനയിൽ ഡ്രൈവറും ക്ലീനറും പിടിയിൽ