തിരുവനന്തപുരം: ശ്രീകാര്യത്ത് ഓട്ടിസം ബാധിതനായ വിദ്യാർത്ഥി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ശാരിരിക പീഡനം സ്ഥിരീകരിച്ച് മെഡിക്കൽ റിപ്പോർട്ട്.കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അധ്യാപകൻ സന്തോഷ് കുമാറിനെതിരെ കേസ് എടുത്തിരുന്നു. അറസ്റ്റ് വൈകുന്നതിൽ ഒത്തുകളിയെന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ ആരോപണം

പീഡനത്തിനിരയായ മൂന്നാംക്ലാസ് വിദ്യാർത്ഥിയുടെ മൊഴി ശരിവെക്കുന്ന ശാരിരിക പീഡനങ്ങൾ നടന്നുവെന്നാണ് മെഡിക്കൽ സംഘത്തിന്‍റെ റിപ്പോർട്ട്. വിദ്യാർത്ഥിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ശ്രീകാര്യം പൊലീസ് മെഡിക്കൽ ബോ‍ർഡിന്‍റെ സഹായം തേടിയത്. ചെറുവയ്ക്കൽ ഗവ.യുപിഎസിലെ കണക്ക് അധ്യാപകൻ സന്തോഷ് കുമാറിനെ പോക്സോ വകുപ്പുകൾ ചുമത്തി ജൂലൈ അവസാനം കേസ് എടുത്തെങ്കിലും അറസ്റ്റുണ്ടായില്ല.ഇപ്പോൾ സന്തോഷ് കുമാർ ഒളിവിലാണ്. ഈ സമയം അറസ്റ്റ് നടപടികളും ഉണ്ടായില്ല. മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിട്ടും അറസ്റ്റ് വൈകുന്നതിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു.

കേസ് എടുത്തിട്ടും സർക്കാർ അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പും നടപടിയെടുത്തിട്ടില്ല. സന്തോഷ്കുമാറിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.തീരുവനന്തപുരത്ത് തന്നെ സന്തോഷ് കുമാർ ഉണ്ടെന്നാണ് പൊലീസ് നിഗമനം.