ഗൂര്‍ഗോണ്‍: തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് വീടിനുള്ളില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയുടെ മൂക്കറുത്തു. ഞായറാഴ്ച ഗൂര്‍ഗോണിലായിരുന്നു സംഭവം. ചക്കര്‍പൂരിലെ വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടിയെ അഞ്ചുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇതിന് കഴിയാതെ വന്നതോടെ രണ്ടുപേര്‍ പെണ്‍കുട്ടിയുടെ മൂക്ക് അറുത്ത് മാറ്റുകയായിരുന്നു. 

ഗൗരവ് യാദവ്, ആകാശ് യാദവ്, സതിഷ് യാദവ്, മോനു യാദവ്, ലീലു യാദവ് എന്നിവരാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയത്. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞ പെണ്‍കുട്ടിയുടെ സഹോദരനും അക്രമികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. പെണ്‍കുട്ടിയെ പുറത്തേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ അക്രമികള്‍ വീട്ടുകാരെ ഉള്‍പ്പെടെ ക്രൂരമായി മര്‍ദ്ദിച്ചു. ഈ സമയം രണ്ടുപേര്‍ പെണ്‍കുട്ടിയുടെ മൂക്ക് അറുക്കുകയായിരുന്നു. 

Read More: ഭർത്താവ് വീട്ടിൽക്കയറി ആക്രമിച്ച കേസ്: കോടതി ഉത്തരവ് നടപ്പാക്കിയില്ല, പൊലീസ് ഒത്തുകളിക്കുന്നതായി വീട്ടമ്മ

ഗ്രാമത്തിലെ ആളുകളുമായി നിരന്തരം തര്‍ക്കിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന അക്രമികള്‍ വീടിനകത്ത് കയറിയപ്പോള്‍ 20ഓളം ആളുകള്‍ വീടിന് പുറത്ത് കാവല്‍ നില്‍പ്പുണ്ടായിരുന്നെന്നും സഹായിക്കാന്‍ ശ്രമിച്ച അയല്‍വാസികളെ പിന്തിരിപ്പിച്ചെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ ദിവീന്‍ ദയാല്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.