സൈക്കിളോടിക്കവേ പീഡനശ്രമം, ഷാൾ പിടിച്ചുവലിച്ച് വീഴ്ത്തി; അക്രമികളുടെ ബൈക്ക് പാഞ്ഞുകയറി 17കാരിക്ക് ദാരുണാന്ത്യം
സൈക്കിള്‍ ഓടിച്ച് വീട്ടിലേക്ക് പോകുന്നതിനിടെ പെണ്‍കുട്ടിയെ ശല്യം ചെയ്ത് അക്രമികള്‍, പിന്നാലെ ബൈക്ക് പാഞ്ഞുകയറി ദാരുണാന്ത്യം

ലഖ്നൌ: സൈക്കിള്‍ ഓടിച്ച് വീട്ടിലേക്ക് പോകുന്നതിനിടെ പെണ്‍കുട്ടിയെ ശല്യം ചെയ്ത അക്രമികള്‍ ഷാള്‍ പിടിച്ചുവലിച്ച് വീഴ്ത്തി. റോഡില്‍ വീണ പെണ്‍കുട്ടിയുടെ മേല്‍ മോട്ടോര്‍ ബൈക്ക് പാഞ്ഞുകയറി. ഇതോടെ 17കാരിക്ക് ദാരുണാന്ത്യം സംഭവിച്ചു. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറിലാണ് സംഭവം.
അക്രമികള്‍ ഷാള്‍ പിടിച്ചുവലിച്ചതോടെ പെണ്‍കുട്ടിക്ക് സൈക്കിളിന്‍റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഉടനെ കുട്ടി റോഡിലേക്ക് വീണു. പെണ്‍കുട്ടിയെ ശല്യം ചെയ്തവരില്‍ ഒരാള്‍ ഓടിച്ച ബൈക്ക് കുട്ടിയെ ഇടിച്ചു തെറിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പെൺകുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരം 3:30 ഓടെ പെൺകുട്ടി സ്കൂളില്‍ നിന്ന് വീട്ടിലേക്ക് സൈക്കിള്‍ ഓടിച്ച് പോകുമ്പോള്‍ മൂന്ന് പേർ ചേർന്ന് ശല്യപ്പെടുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ഷാനവാസ്, അർബാസ് എന്നീ രണ്ടു പേര്‍ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ഷാള്‍ പിടിച്ചു വലിച്ചെന്നും പെൺകുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. താഴെ വീണപ്പോള്‍ ഫൈസല്‍ എന്നയാള്‍ പെണ്‍കുട്ടിയുടെ മേല്‍ ബൈക്ക് ഓടിച്ചുകയറ്റിയെന്നും പിതാവ് നല്‍കിയ പരാതിയിലുണ്ട്.
പെണ്‍കുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് ഓഫീസര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു. പരാതിയിൽ പറയുന്ന പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മുതിർന്ന പോലീസ് ഓഫീസർ പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.