ഇട്ടാവ: മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ഉത്തര്‍പ്രദേശ് പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്. ഇട്ടാവ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. രണ്ടര മിനിറ്റ് നീളുന്ന വീഡിയോയില്‍ യുവാവ് ക്രൂരമര്‍ദ്ദനത്തിന് വിധേയമാകുന്നുണ്ട്. നിലത്ത് വീണുകിടന്ന ഇയാള്‍ മാപ്പപേക്ഷിക്കുന്നതും മര്‍ദ്ദിക്കരുതെന്ന് യാചിക്കുന്നതും വ്യക്തമായി കാണാം. വീടിന്റെ ടെറസ്സിന് മുകളില്‍ നിന്നെടുത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സമാജ് വാദി പാര്‍ട്ടിയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലും വീഡിയോ പങ്കുവെച്ചു. 

അതേസമയം, ലഹരിക്കടിമയായ യുവാവ് ഗ്രാമീണരെ ശല്യം ചെയ്യുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് കസ്റ്റഡിയിലെടുക്കാന്‍ എത്തിയതെന്ന് പൊലീസ് വിശദീകരിച്ചു. കസ്റ്റഡിയിലെടുക്കാന്‍ യുവാവ് വിസ്സമ്മതിച്ചതിനെ തുടര്‍ന്ന് ചെറിയ ബലം പ്രയോഗിച്ച് ഇയാളെ കസ്റ്റിഡിയിലെടുക്കുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. യുവാവ് രണ്ട് വര്‍ഷം മുമ്പ് മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നു. യുവാവിനെ മര്‍ദ്ദിച്ച പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്‌തെന്നും അധികൃതര്‍ അറിയിച്ചു.