ഏര്‍വാടി(തമിഴ്നാട്): മനോദൗര്‍ബല്യമുള്ള മലയാളി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍. മനോദൗര്‍ബല്യത്തിന് ചികിത്സ തേടിയെത്തിയ 22കാരിയെയാണ് ഏഴുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. കൗമാരക്കാരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. 

ഏര്‍വാടി ദര്‍ഗയില്‍ പിതാവിനൊപ്പമെത്തിയ യുവതിയെ ബുധനാഴ്ചയാണ് കൗമാരക്കാര്‍ ബലാത്സംഗം ചെയ്തത്. ചികിത്സയുമായി ബന്ധപ്പെട്ട് രണ്ടുമാസമായി സംസാരശേഷിയില്ലാത്ത പിതാവിനൊപ്പം ദര്‍ഗയുടെ സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു യുവതി. ശുചിമുറിയിലേക്ക് പോയ യുവതിയെ ഇവര്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. 

യുവതിയെ കാണാതെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പൂര്‍ണ നഗ്നയായ നിലയില്‍ യുവതിയെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. പതിനഞ്ചിനും പതിനാറിനും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായിട്ടുള്ളത്. മനോദൗര്‍ബല്യമുള്ളവര്‍ക്ക് ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ ഭേദമാകുമെന്നാണ് ആളുകളുടെ വിശ്വാസം. നിരവധിയാളുകളാണ് ഇവിടെ പ്രാര്‍ത്ഥനാ സഹായം തേടിയെത്തുന്നത്.