Asianet News MalayalamAsianet News Malayalam

'ഉപദ്രവിച്ചവരെ കണ്ടാൽ തിരിച്ചറിയാം', ചേവായൂരിൽ ബസ്സിൽ ക്രൂര പീഡനത്തിനിരയായ പെൺകുട്ടി

തനിക്ക് വേദനിക്കുന്നുവെന്നും, വിറയ്ക്കുന്നുവെന്നും മരുന്ന് കഴിക്കുന്നതാണെന്നുമെല്ലാം മാനസികവെല്ലുവിളി നേരിടുന്ന പെൺകുട്ടി പീഡനത്തിനിടെ പ്രതികളോട് പറഞ്ഞിരുന്നു. ഇതൊന്നും കേൾക്കാതെ ക്രൂരമായി യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു പ്രതികളെന്നും അവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

mentally challenged woman raped in bus at chevayoor victims speaks to asianet news
Author
Kozhikode, First Published Jul 7, 2021, 12:36 PM IST

ചേവായൂർ: കോഴിക്കോട് ചേവായൂരിൽ നടന്നത് മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന ക്രൂരപീഡനം. മാനസിക വൈകല്യമുള്ള യുവതിയെ മൂന്ന് പേർ ചേർന്ന് ബസ്സിനകത്ത് വച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് വ്യക്തമാകുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയുമായി ഞങ്ങളുടെ പ്രതിനിധി അർച്ചന സംസാരിച്ചു. തന്നെ പീഡിപ്പിച്ചവരെ കണ്ടാൽ തിരിച്ചറിയാമെന്നും പെൺകുട്ടി പറയുന്നു. 

ക്രൂരമായ പീഡനത്തിനാണ് താൻ ഇരയായതെന്നാണ് പെൺകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയാണ് മൂന്ന് പേരുടെ ക്രൂരപീഡനത്തിന് ഇരയായത്. കേസിൽ പ്രതികളായ ഗോപീഷിനെയും മുഹമ്മദ് ഷമീറിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഇന്ദീഷ് ഇപ്പോഴും ഒളിവിലാണ്. 

സംഭവിച്ചതിങ്ങനെയാണ്: ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മാനസിക വെല്ലുവിളി നേരിടുന്ന യുവതി വീട് വിട്ടിറങ്ങിയത്. അമ്മയുമായി വഴക്കിട്ടാണ് വീട്ടിൽ നിന്ന് യുവതി ഇറങ്ങിപ്പോയത്. അമ്മ കുളിക്കാൻ പറഞ്ഞതിൽ പിണങ്ങിയാണ് യുവതി വീട് വിട്ടത്. തുടർന്ന് ചേവായൂരിൽ റോഡരികിൽ നിന്ന യുവതിയെ ആരോ മെഡിക്കൽ കോളേജിലെത്തിച്ചു. മെഡിക്കൽ കോളേജിൽ പോണം എന്ന് യുവതി തന്നെ ആവശ്യപ്പെട്ട പ്രകാരമാണ് മെഡിക്കൽ കോളേജിന് സമീപത്തെത്തിച്ചത്. അവിടെ എത്തിയപ്പോൾ ആരോ അവർക്ക് ചെരിപ്പും വാങ്ങി നൽകി. എന്നാൽ അപ്പോഴേക്ക് വീട്ടിൽ പോകണമല്ലോ എന്ന് ഓർമ വന്ന യുവതി റോഡരികിൽ ആകെ പരിഭ്രാന്തയായി നിൽക്കുന്നത് കണ്ടപ്പോഴാണ് പ്രതികളായ ഗോപീഷും ഇന്ദീഷും അവരെ സമീപിച്ചത്. പല ബസ്സുകൾക്കും വണ്ടികൾക്കും കൈ കാണിച്ചെങ്കിലും നിർത്തിയില്ലെന്ന് യുവതി പറയുന്നു. 

പ്രതികൾ മദ്യപിച്ചിരുന്നുവെന്നാണ് യുവതി പറയുന്നത്. വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞ യുവതിയെ മുണ്ടയ്ക്കൽ താഴം എന്ന സ്ഥലത്തെ ബസ് ഷെഡിന് സമീപത്തേക്കാണ് പ്രതികൾ കൊണ്ടുപോയത്. അവിടെ രണ്ട് മൂന്ന് ബസ്സുകൾ, ലോക്ക്ഡൗണായതിനാൽ നിർത്തിയിട്ടിരുന്നു. ഇതിലൊരു ബസ്സിൽ കയറ്റിയ ഗോപീഷും ഇന്ദീഷും യുവതിയെ ഉപദ്രവിച്ചു. അതിന് ശേഷം സുഹൃത്തായ മുഹമ്മദ് ഷമീറിനെ വിളിച്ചുവരുത്തി. അയാളും ബസ്സിനകത്ത് വച്ചും പുറത്ത് വച്ചും യുവതിയെ പീഡിപ്പിച്ചെന്നും യുവതി അമ്മയോട് പറഞ്ഞു. 

ഇതിന് ശേഷം യുവതിക്ക് പ്രതികൾ ഭക്ഷണം വാങ്ങി നൽകി. വീണ്ടും പീഡനശ്രമമുണ്ടായി. ഒടുവിൽ യുവതിയെ വീടിന് സമീപത്ത് ഇറക്കി വിട്ട പ്രതികൾ കയ്യിൽ കുറച്ച് പൈസയും വച്ച് കൊടുത്തു. വീട്ടിലെത്തിയ യുവതിയുടെ കയ്യിൽ പണം കണ്ടപ്പോഴാണ് അമ്മ ഇതെങ്ങനെ കിട്ടിയെന്ന് ചോദിച്ചത്. അപ്പോഴേക്ക് യുവതി ആകെ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. അങ്ങനെയാണ് ക്രൂരപീഡനത്തിന്‍റെ വിവരം പുറത്താകുന്നത്. 

തനിക്ക് വേദനിക്കുന്നുവെന്നും, വിറയ്ക്കുന്നുവെന്നും മരുന്ന് കഴിക്കുന്നതാണെന്നുമെല്ലാം മാനസികവെല്ലുവിളി നേരിടുന്ന പെൺകുട്ടി പീഡനത്തിനിടെ പ്രതികളോട് പറഞ്ഞിരുന്നു. ഇതൊന്നും കേൾക്കാതെ ക്രൂരമായി യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു പ്രതികളെന്നും അവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios