ഫ്ലോറിഡ: ഭർത്താവ് ഫിലിപ്പിനെ മെറിൻ ഭയന്നിരുന്നതായി സഹപ്രവർത്തക. ഫിലിപ്പ് മെറിനെ മർദ്ദിച്ചിരുന്നുവെന്നും മെറിനെയും കുഞ്ഞിനെയും കൊല്ലുമെന്ന് നിരന്തരം ഭീഷണി മുഴക്കിയിരുന്നുവെന്നും സഹപ്രവർത്തക മിനിമോൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മെറിനെക്കുറിച്ച് മോശമായ സൈബർ പ്രചാരണം നടക്കുന്നുണ്ടെന്നും മിനിമോൾ നമസ്തേ കേരളത്തിൽ പറ‌ഞ്ഞു. 

"

സൗത്ത് ഫ്ലോറിഡ കോറൽ സ്‌പ്രിങ്‌സിൽ ബ്രോവാർഡ്‌ ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്‌സായ മെറിൻ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഫിലിപ്പ് മാത്യു ആക്രമണം നടത്തിയത്. പതിനേഴ് തവണ കുത്തിയെന്നാണ് ദൃക്സാക്ഷികൾ പൊലീസിന് നൽകിയ മൊഴി.  

മെറിന്‍ ആക്രമിക്കപ്പെടുത്തുന്നത് കണ്ട സഹപ്രവർത്തകർ അവിടേക്ക് ഓടിയെത്തിയപ്പോഴേക്കും ഫിലിപ്പ് കാറുമായി കടന്നു കളഞ്ഞിരുന്നു. പക്ഷേ, സെക്യൂരിറ്റി കാറിന്‍റെ ലൈസൻസ് പ്ലേറ്റിന്‍റെ ചിത്രങ്ങളെടുത്ത് പൊലീസിന് അപ്പോഴേക്കും കൈമാറി. 

ഫിലിപ്പിനെ പിന്നീട് ഹോട്ട്സ്പ്രിംഗ്സിലെ തന്നെ മറ്റൊരു ഹോട്ടലിലെ മുറിയിൽ സ്വയം കുത്തിപ്പരിക്കേൽപിച്ച നിലയിൽ കണ്ടെത്തി. ഇയാളെ അറസ്റ്റ് ചെയ്ത് കൂടുതൽ ചികിത്സയ്ക്കായി ആശുപത്രിയിലാക്കിയിരിക്കുകയാണ്. ഫിലിപ്പിന് മേൽ കൊലക്കുറ്റം ചുമത്തി.

ഫിലിപ്പ് മാത്യുവുമായി അഭിപ്രായവ്യത്യാസങ്ങളാൽ പിരിഞ്ഞ് താമസിക്കുകയായിരുന്നു മെറിൻ. മകൾ, രണ്ട് വയസ്സുകാരി നോറയെ പിറവത്തെ അച്ഛനമ്മമാരുടെ അടുക്കലാക്കിയാണ് ഏറ്റവുമൊടുവിൽ മെറിൻ തിരികെപ്പോയത്.