പെൺകുട്ടി പീഡന വിവരം സ്കൂൾ അധ്യാപികയോടെ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ വിവരം കുട്ടിയുടെ വീട്ടിൽ അറിയിച്ചു
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച മധ്യവയസ്കനെ കല്ലമ്പലം പൊലീസ് അറസ്റ്റു ചെയ്തു. പുതുശേരിമുക്ക് പന്തുവിള കാട്ടിൽ പുത്തൻവീട്ടിൽ സതീശനാണ് പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തു. സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ഇയാൾ നിരവധി തവണ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടി പീഡന വിവരം സ്കൂൾ അധ്യാപികയോടെ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ വിവരം കുട്ടിയുടെ വീട്ടിൽ അറിയിച്ചു. വിവരമറിഞ്ഞ കുട്ടിയുടെ മാതാവ് കല്ലമ്പലം പോലീസിൽ പരാതി നല്കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് സതീശനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതിനിടെ പാലക്കാട് 15 കാരിക്കുനേരെ സ്വകാര്യബസിൽ ലൈംഗികാതിക്രമം നടത്തിയ ബസ് ജീവനക്കാരനെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി-എടപ്പാൾ റൂട്ടിൽ ഓടുന്ന സ്വകാര്യബസിലെ ജീവനക്കാരനായ മലപ്പുറം വട്ടംകുളം സ്വദേശി കൊട്ടാരത്തിൽ വീട്ടിൽ അബ്ദുൽ റസാഖാണ് (48) പൊലീസിന്റെ പിടിയിലായത്. സ്കൂളിലേക്ക് ബസിൽ പോകുകയായിരുന്ന പതിനഞ്ചുകാരിയെ ഇയാൾ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. സ്കൂളിലെത്തിയ പെൺകുട്ടി അധ്യാപകരോട് പരാതിപ്പെടുകയായിരുന്നു. തുടർന്ന് അധ്യാപകർ പൊലീസിൽ വിവരം അറിയിച്ചു. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
