മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ ബ്രൗണ്‍ ഷുഗറുമായി രണ്ടു ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയിലായി. ഒരു ലക്ഷം രൂപ വിലവരുന്ന ബ്രൗണ്‍ഷുഗറാണ് ഇവരില്‍ നിന്ന് പിടികൂടിയത്. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ മാഫിഖുള്‍, അനാറുള്‍ എന്നിവരെയാണ് പിടിയിലായത്.

അനാറുളാണ് മയക്കുമരുന്ന വിപണനത്തിന്‍റെ മുഖ്യ പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. സഹായിയാണ് മാഫിഖുള്‍. മാഫിഖുള്‍ ഇക്കഴിഞ്ഞ ദിവസമാണ് നാട്ടില്‍ നിന്ന് വളാഞ്ചേരിയില്‍ എത്തിയത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മാത്രമാണ് ഇവര്‍ മയക്ക് മരുന്നു വിൽപ്പന നടത്തിയിരുന്നത്. 

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നുവെന്ന പരാതിയിൽ പൊലീസ് പരിശോധന ശക്തമാക്കിയതോടെയാണ് പ്രതികള്‍ വലയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.