കമ്പംമെട്ടിനു സമീപം ഏലത്തോട്ടത്തിൽ പണിക്കെത്തിയതായിരുന്നു മധ്യപ്രദേശിലെ മണ്ഡൽ സ്വദേശികളായ സാധുറാമും മാലതിയും. ഇരുവരും വിവാഹിതരാണെന്നാണ് കൂടെ ജോലി ചെയ്തിരുന്നരോടെല്ലാം പറഞ്ഞിരുന്നത്.
ഇടുക്കി: കമ്പംമെട്ടില്‍ കമിതാക്കൾ നവജാതശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ ദുരഭിമാനമെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് ഇടുക്കിയിലെ കമ്പംമെട്ടിൽ നവജാതശിശുവിനെ അച്ഛനമ്മമാർ കഴുത്ത് ഞെരിച്ച് കൊലപ്പെുത്തിയത്. മധ്യപ്രദേശ് സ്വദേശികളായ സാധുറാം, മാലതി എന്നിവരാണ് പ്രസവിച്ചയുടനെ കുഞ്ഞിനെ കൊലപ്പെടുത്തിയത്. കമിതാക്കളായ ഇരുവരും വിവാഹത്തിനു മുമ്പ് കുഞ്ഞ് ജനിച്ചതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസിനോട് പറഞ്ഞു.
കമ്പംമെട്ടിനു സമീപം ഏലത്തോട്ടത്തിൽ പണിക്കെത്തിയതായിരുന്നു മധ്യപ്രദേശിലെ മണ്ഡൽ സ്വദേശികളായ സാധുറാമും മാലതിയും. ഇരുവരും വിവാഹിതരാണെന്നാണ് കൂടെ ജോലി ചെയ്തിരുന്നരോടെല്ലാം പറഞ്ഞിരുന്നത്. ഏഴാം തീയതി പുലർച്ചെ മാലതി ശുചിമുറിയിൽ പ്രസവിച്ചു. കുട്ടിയെ കട്ടിലിൽ കിടത്തിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇരുവരും പൊലീസിനോട് സമ്മതിച്ചു. താഴെ വീണ് കുഞ്ഞിൻറെ തലക്ക് പരുക്കേറ്റിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം പുറത്തറിയുന്നത്. രാവിലെ സാധുറാം തങ്ങളുടെ വീടിനടുത്ത് താമസിക്കുന്ന തോട്ടമുടമയോട് ഭാര്യ പ്രസവിച്ചെന്നു കുഞ്ഞിന് അനക്കമില്ലെന്നും വന്ന് പറഞ്ഞു. തോട്ടം ഉടമ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിച്ചു. തുടർന്ന് ആരോഗ്യപ്രവർത്തകരെത്തി മാലതിയെയും കുഞ്ഞിനെയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാർ പരിശോധിച്ച് മരണം സ്ഥിരീകരിച്ചു. തുടർന്ന് മാലതിക്ക് ചികിത്സ നൽകുന്നതിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ കുട്ടിയുടെ മരണത്തില്‍ സംശയം തോന്നിയതിനെ തുടർന്ന് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോട്ടത്തിന് അയക്കുകയായിരുന്നു. ഇതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
ഇരുവരുടെയും വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു. ഇതിനിടെ മാലതി ഗർഭിണിയായതോടെ മാർച്ച് മാസത്തിലാണ് ഇരുവരും ജോലി അന്വേഷിച്ച് കേരളത്തിലേക്ക് എത്തിയതെന്ന് കമ്പംമെട്ട് എസ്എച്ച്ഒ വി എസ് അനിൽ കുമാർ പറഞ്ഞു. വിവാഹത്തിന് മുമ്പ് കുട്ടിയുണ്ടായതിൻറെ ദുരഭിമാനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതികൾ പൊലീസിന് മൊഴി നല്‍കിയത്. സംഭവത്തിന് പിന്നാലെ കുട്ടിയുടെ പിതാവ് സാധുറാമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചികിത്സക്ക് ശേഷം ആശുപത്രി വിട്ടതോടെയാണ് മാലതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Read More : യുവതിക്കും അമ്മയ്ക്കും നഗ്ന ദൃശ്യം അയച്ചു; മൊബൈൽ പരിശോധിച്ച പൊലീസ് ഞെട്ടി, നഴ്സറി അധ്യാപകൻ അറസ്റ്റിൽ
