കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കിയ സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. ഇരുപതിനും ഇരുപത്തഞ്ചിനും ഇടയിൽ പ്രായമുള്ള നാല് പേരാണ് പന്ത്രണ്ട് വയസ്സുള്ള പെൺകുട്ടിയെ കൂട്ടബലാത്സം​ഗം ചെയ്തത്. പോക്സോ വകുപ്പ് പ്രകാരമണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ സുഹൃത്തായിരുന്നു പ്രതികളിലൊരാൾ. ഇയാൾക്കൊപ്പം പുറത്തു പോയ പെൺകുട്ടി മടങ്ങി വരാതിരുന്നതിനെ തുടർന്ന് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. 

എന്നാൽ പിറ്റേന്ന് പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയതായി പൊലീസ് വ്യക്തമാക്കി. ഏക്ബാൽപോർ പൊലീസ് സ്റ്റേഷനിൽ മറ്റൊരു പരാതി നൽകുകയും ചെയ്തു. പ്രതികളിലൊരാൾക്കൊപ്പം പെൺകുട്ടി പർണശ്രീ എന്ന സ്ഥലത്തുള്ള വീട്ടിലേക്ക് പോയതായി പരാതിയിൽ പറയുന്നു. അവിടെ ഉണ്ടായിരുന്ന മറ്റൊരാൾക്കൊപ്പം മദ്യപിച്ചു. തുടർന്ന് ഏക്ബാൽപൂരിലെ മറ്റൊരു വീട്ടിലെത്തി. അവിടെ പ്രതികളിൽ രണ്ടുപേർ കൂടി ഇവർക്കൊപ്പം ചേർന്നു. പിന്നീട് നാലുപേരും ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കിയതായി പരാതിയില്‍ വിശദീകരിക്കുന്നു. 

''പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സം​ഗം ചെയ്തതിന്റെ പേരിൽ നാലുപേർക്കെതിരെ പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വഷണം നടത്തി വരികയാണ്.'' ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സയിദ് വഖാർ റാസ പറഞ്ഞു.