Asianet News MalayalamAsianet News Malayalam

കര്‍ണാടകത്തിലെ ചിത്രദുര്‍ഗയില്‍ 'കൂടത്തായി' മോഡല്‍ കൂട്ടക്കൊല; പിന്നില്‍ പതിനേഴുകാരി.!

ഇക്കഴിഞ്ഞ ജൂലൈ 21നാണ് നാടിനെ നടുക്കി ഒരു കുടുംബത്തിലെ നാല് പേരെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല്‍പ്പത്തിയഞ്ചുകാരന്‍ തിപ്പനായിക്, അമ്മ ഗുന്ദി ഭായ് ഭാര്യ സുധ മകള്‍ രമ്യ എന്നിവരാണ് മരിച്ചത്. 

Minor girl in Chitradurga poisons and kills four of family
Author
Chitradurga, First Published Oct 20, 2021, 12:12 AM IST

ര്‍ണാടകത്തിലെ ചിത്രദുര്‍ഗയില്‍ കൂടത്തായി മോഡൽ കൊലപാതകം. മാതാപിതാക്കളും സഹോദരങ്ങളുമടക്കം നാല് പേരെ പതിനേഴുകാരി വിഷം കൊടുത്ത് കൊന്നു. ഭക്ഷ്യവിഷബാധയെന്ന് പൊലീസ് കരുതിയ കേസാണ് മൂന്ന് മാസങ്ങള്‍ക്ക് ശേഷം കൊലപാതകമെന്ന് തെളിഞ്ഞത്.

ഇക്കഴിഞ്ഞ ജൂലൈ 21നാണ് നാടിനെ നടുക്കി ഒരു കുടുംബത്തിലെ നാല് പേരെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല്‍പ്പത്തിയഞ്ചുകാരന്‍ തിപ്പനായിക്, അമ്മ ഗുന്ദി ഭായ് ഭാര്യ സുധ മകള്‍ രമ്യ എന്നിവരാണ് മരിച്ചത്. വിഷം കലര്‍ന്ന റാഗിമുദ്ദെ കഴിച്ചായിരുന്നു മരണം. രമ്യയുടെ സഹോദരന്‍ രാഹുലിനും ഭക്ഷ്യ വിഷബാധയേറ്റെങ്കിലും ജീവന് തിരിച്ചുകിട്ടി. രാഹുലിനെ കൂടാതെ തിപ്പനായിക്കിന്‍റെ പതിനേഴുകാരിയായ മകള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നില്ല. 

തനിക്ക് ഇഷ്ടമല്ലാത്തത് കൊണ്ട് റാഗി മുദ്ദെ കഴിക്കാതെ ഉറങ്ങാന്‍ കിടന്നെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. പലച്ചരക്ക് വ്യാപാരിയായ തിപ്പനായിക്ക് കടം കാരണം ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസിന്‍റെ നിഗമനം. അച്ഛന്‍ കടത്തെപ്പറ്റി പറഞ്ഞ് സങ്കടപ്പെടാറുണ്ടെന്ന പതിനേഴുകാരിയുടെ മൊഴിയായിരുന്നു പൊലീസ് നിഗമനത്തിന് കാരണം. പിന്നീട് ഫോറന്‍സിക് പരിശോധനയില്‍ ഭക്ഷണത്തില്‍ കീടനാശിനി കലര്‍ന്നതായി കണ്ടെത്തി. 

വിശദമായ അന്വേഷണത്തില്‍ തിപ്പനായിക്കിന് വലിയ കടബാധ്യതയില്ലെന്നും തെളിഞ്ഞു. ഇതോടെ പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യല്ലിലാണ് പെണ്‍കുട്ടി കുറ്റം സമ്മതിച്ചത്. സീരിയില്‍ കണ്ടാണ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തുന്നത് പഠിച്ചതെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.

സഹോദരങ്ങളെ പോലെ തന്നെ മാതാപിതാക്കള്‍ പരിഗണിക്കുന്നില്ലെന്ന സംശയയാണ് കൊലപാതകത്തിന് കാരണം. പതിവായി വഴക്ക് പറയുന്നതും മൂത്ത കുട്ടിയായത് കൊണ്ട് കൂടുതല്‍ ജോലി ചെയ്യിപ്പിച്ചതും വൈരാഗ്യത്തിന് വഴിവച്ചു.പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

Follow Us:
Download App:
  • android
  • ios